മനാമ: അമിതവണ്ണം സാംക്രമികേതര രോഗങ്ങളിൽ പെടുത്തി അതിനെതിരെ പോരാടാൻ കൂടുതൽ ശ്രമങ്ങൾ നടത്തുമെന്ന് എസ് സി എച്ച് പ്രസിഡന്റ് പറഞ്ഞു. 2030 ഓടെ സാംക്രമികേതര രോഗങ്ങളിൽ നിന്നുള്ള അകാല മരണങ്ങൾ കുറയ്ക്കുമെന്നും ബഹ്‌റൈന്റെ ദേശീയ പദ്ധതിയിൽ അമിതവണ്ണം കൂടി ഉൾപ്പെടുത്തുമെന്നും സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് പ്രസിഡന്റ്, ബഹ്റൈൻ ഡയബറ്റിസ് സൊസൈറ്റി (ബിഡിഎസ്) ചെയർമാൻ, ലെഫ്റ്റനന്റ് ജനറൽ ഡോ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ എന്നിവർ സ്ഥിരീകരിച്ചു.
ആരോഗ്യ മന്ത്രാലയം, കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, അയർലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസ് എന്നിവയുടെ സഹകരണത്തോടെ ബിഡിഎസ് സംഘടിപ്പിക്കുന്ന “ബഹ്റൈൻ ഒബെസിറ്റി അക്കാദമി” കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എസ് സി എച്ച് പ്രസിഡന്റ്.
രണ്ട് ദിവസത്തെ പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിൽ, ലെഫ്റ്റനന്റ് ജനറൽ ഡോ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ ഒരു ദേശീയ പദ്ധതി പ്രകാരം അമിതഭാരത്തിനെതിരെ പോരാടാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾ ചൂണ്ടിക്കാട്ടി. ശാരീരിക പ്രവർത്തനങ്ങൾ, ആരോഗ്യകരമായ പോഷകാഹാരം, പ്രത്യേക ക്ലിനിക്കുകൾ സ്ഥാപിക്കൽ ആരോഗ്യകരമായ ജീവിതശൈലി എന്നിവ ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു.
സാംക്രമികേതര രോഗങ്ങളുടെ വ്യാപനം കുറയ്ക്കുന്നതിനുള്ള ബഹ്റൈനിന്റെ പ്രതിബദ്ധത എസ് സി എച്ച് പ്രസിഡന്റ് ഉറപ്പിച്ചു പറഞ്ഞു. അമിതവണ്ണത്തെപ്പറ്റിയുള്ള അവബോധം വർദ്ധിപ്പിക്കുകയും അതിനെതിരെ നടപടികൾ എടുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി പറയുകയും ചെയ്തു. അപകടകരമായ ഈ രോഗത്തിൻറെ പ്രത്യാഘാതത്തെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അമിതവണ്ണം തടയുന്നതിന്റെ ഭാഗമായി രോഗനിർണ്ണയം നടത്താനും ചികിത്സ നൽകാനും ഡോക്ടർമാരെ പ്രാപ്തരാക്കാൻ സമഗ്രമായ വിദ്യാഭ്യാസ പരിപാടി തയ്യാറാക്കുന്നതിന് “ബഹ്റൈൻ ഒബെസിറ്റി അക്കാദമി” സംഭാവന നൽകുമെന്ന് ലെഫ്റ്റനന്റ് ജനറൽ ഡോ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ പറഞ്ഞു.
കൊറോണ വ്യാപനത്തിനുശേഷം വ്യക്തിപരമായി നടത്തുന്ന ആദ്യത്തെ മെഡിക്കൽ കോൺഫറൻസാണ് “ബഹ്റൈൻ ഒബെസിറ്റി അക്കാദമി” എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ പൊതുജനാരോഗ്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ മെറിയം അൽ ഹജേരി പറഞ്ഞു. നാഷണൽ ടാസ്ക്ഫോഴ്സിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി, കൊറോണ നിയന്ത്രണ നടപടികൾക്കനുസരിച്ചാണ് സമ്മേളനം നടക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
ഓൺലൈനിൽ കോൺഫറൻസിൽ നിരവധി ആളുകൾ പങ്കെടുത്തതായി അവർ ചൂണ്ടിക്കാട്ടി.ഏകദേശം 150 ആളുകൾ പങ്കെടുത്തു. ഭാവിയിൽ ഇത്തരം കോൺഫറൻസുകളുടെ തിരിച്ചുവരവിനുള്ള ഒരു പ്രോത്സാഹനമായി ഈ കോൺഫറൻസ് കണക്കാക്കപ്പെടുന്നുവെന്ന് അവർ പറഞ്ഞു.
2018 ൽ ബഹ്റൈൻ രാജ്യത്തിൽ നടത്തിയ ഒരു ദേശീയ ആരോഗ്യ സർവേയിൽ 25.7 % പ്രവാസികളും അമിതവണ്ണം അനുഭവിക്കുന്നതായി ഡോ അൽ ഹജേരി ചൂണ്ടിക്കാട്ടി. 39 % നിവാസികളും 33.2% പൗരന്മാരും അമിതഭാരമുള്ളവരാണെന്നും അവർ കൂട്ടിച്ചേർത്തു. അതിനാൽ, അമിതവണ്ണത്തിനെതിരെ പോരാടുന്നതിൽ മുൻഗണന നൽകേണ്ടത് അടിയന്തിരമായിത്തീർന്നിരിക്കുന്നുവെന്ന് അവർ കുറിച്ചു.
അമിതവണ്ണം നിരവധി വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകുന്നതിൽ ഇതിനെപ്പറ്റിയുള്ള അവബോധം വർദ്ധിപ്പിക്കണമെന്നും അവർ ചൂണ്ടിക്കാട്ടി. ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതിനുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെ അവർ ഊന്നിപ്പറഞ്ഞു.