മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഗുദൈബിയ കൊട്ടാരത്തിൽ പ്രതിവാര മന്ത്രിസഭായോഗത്തിന് നേതൃത്വം നൽകി. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെ അറബ് റിപ്പബ്ലിക്ക് ഓഫ് ഈജിപ്തിലേക്കുള്ള രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ സന്ദർശനത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു.
കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധങ്ങളും അന്താരാഷ്ട്ര പ്രശ്നങ്ങളും സംഭവവികാസങ്ങളും മന്ത്രിസഭ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സമാധാനം ഉയർത്താനുള്ള ശ്രമങ്ങൾക്ക് ബഹ്‌റൈൻ രാജ്യത്തിന്റെ പിന്തുണ തുടരുമെന്ന് ഉറപ്പു നൽകി. അറബ് മേഖലയിൽ ബഹ്റൈൻ ഒന്നാമതെത്തിയ ബാസൽ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ സൂചികയുടെ കണ്ടെത്തലിനെ മന്ത്രിസഭ സ്വാഗതം ചെയ്തു.
ആഗസ്റ്റ് 2021 വരെയുള്ള ധനമന്ത്രാലയത്തിന്റെയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെയും രജിസ്റ്റർ മന്ത്രിസഭ അവലോകനം ചെയ്തു. ആഗോള പാൻഡെമിക്കിന് മുൻപെയുള്ള 2019ലെയും 2020ലെയും കണക്കുകളുമായി ഇത് താരതമ്യം ചെയ്തു.
റിയൽ എസ്റ്റേറ്റ് മേഖലയിലും, ബഹ്‌റൈൻ ദേശീയ ഉത്പന്നങ്ങളുടെ എണ്ണ ഇതര കയറ്റുമതിയുടെ മൂല്യം 2019 ഓഗസ്റ്റിനെ അപേക്ഷിച്ച് 2021 ഓഗസ്റ്റിൽ 103% വർദ്ധിക്കുകയും അതേ കാലയളവിൽ ഇറക്കുമതി 16% വർദ്ധിക്കുകയും ചെയ്തു. ടൂറിസം മേഖലയുടെ സാമ്പത്തിക ഭദ്രത വീണ്ടെടുക്കാൻ സാധിച്ചതായും തൊഴിലവസരങ്ങളുടെയും പരിശീലനത്തിന്റെയും കാര്യത്തിൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിഞ്ഞതായും വിലയിരുത്തി.
സർക്കാർ ഏജൻസികളുടെ പുനസംഘടന, നിയമനിർമ്മാണം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു വികസന പാക്കേജിന്റെ ഭാഗമായ മൂന്ന് കരട് ഉത്തരവുകൾ, അറബ് കസ്റ്റംസ് അഡ്മിനിസ്ട്രേഷനുകൾ തമ്മിലുള്ള സംയുക്ത സഹകരണം വർദ്ധിപ്പിക്കാനും സാമ്പത്തിക, വ്യാപാര മേഖലകളിൽ ഏകോപനം കൂടുതൽ ശക്തിപ്പെടുത്താനുമുള്ള ഉടമ്പടി, ജിസിസി രാജ്യങ്ങൾക്കായുള്ള ഏകീകൃത കസ്റ്റംസിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന നിയമങ്ങൾ, വൈകല്യമുള്ളവരുടെ അവകാശങ്ങൾ സംബന്ധിച്ച ഒരു റിപ്പോർട്ട് എന്നിവയ്‌ക്ക് മന്ത്രിസഭ അംഗീകാരം നൽകി.
പല മന്ത്രിതല റിപ്പോർട്ടുകളും മന്ത്രിസഭയിൽ ചർച്ച ചെയ്തു. വിദ്യാഭ്യാസത്തിനായുള്ള ജിസിസി മന്ത്രിതല സമിതിയുടെ അഞ്ചാമത്തെ യോഗവും, ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മേഖലയിലെ ജിസിസി മന്ത്രിമാരുടെ ഇരുപത്തൊന്നാമത് യോഗവും , ജിസിസി കാർഷിക സഹകരണ സമിതിയുടെ മുപ്പത്തൊന്നാമത്തെ യോഗത്തെക്കുറിച്ചും അവയുടെ ഫലങ്ങളും മന്ത്രിസഭ ചർച്ച ചെയ്തു.