മനാമ: കൊവിഡിനെ പ്രതിരോധിക്കാനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യകൾ വിന്യസിക്കുന്നതിൽ ബി അവേയ്ർ ആപ്ലിക്കേഷന്റെ വികസനത്തെ പ്രശംസിച്ച് ഇൻഫർമേഷൻ ആൻഡ് ഇ -ഗവൺമെന്റ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് അലി അൽ ഖായിദ്.
കൊറോണ വൈറസിനെതിരായ ആഗോള ശ്രമങ്ങൾക്ക് ലോകത്തിന് നൽകുന്ന സംഭാവനകളിൽ അഭിമാനർഹമായ ദേശീയ സംരംഭമാണ് ഈ ആപ്പെന്ന് ബഹ്റൈൻ ആസ്ഥാനമായുള്ള ലോകാരോഗ്യ സംഘടനയുടെ ഓഫീസ് പ്രതിനിധി ഡോ തസ്നിം അതത്രയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
ആരോഗ്യമേഖലയിലെ ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി പദ്ധതികളിലെ സഹകരണം ചർച്ച ചെയ്യുകയും ആരോഗ്യ സർവേകളും സ്ഥിതിവിവരക്കണക്കുകളും നടത്തുന്നതിലും പ്രസിദ്ധീകരിക്കുന്നതിലും ലോകാരോഗ്യ സംഘടനയുടെ സഹകരണത്തെ അൽ ഖായിദ് ചൂണ്ടിക്കാട്ടി.
ആരോഗ്യസംഘടനകളുടെയും അതോറിറ്റികളുടെയും സഹകരണത്തിൽ ആഗോള തലത്തിൽ ആരോഗ്യ മേഖലയെ ഉയർത്താനുള്ള വിവിധ മെഡിക്കൽ ടീമുകളുടെ ശ്രമങ്ങളെ അൽ ഖായിദ് പ്രശംസിച്ചു.
ബഹ്‌റൈനിലുള്ള ലോകാരോഗ്യ സംഘടനയുടെ പുതിയ ഓഫീസിലൂടെ സർക്കാർ സ്ഥാപനങ്ങൾ, അന്താരാഷ്ട്ര സ്ഥാപനങ്ങൾ, സിവിൽ ഓർഗനൈസേഷനുകൾ, സർവകലാശാലകൾ എന്നിവയുമായുള്ള ശക്തമായ സഹകരണവും സാങ്കേതിക ഉപദേശങ്ങളും അറിവുകളും പങ്കുവയ്ക്കുകയെന്നതാണ് അതത്രയുടെ സന്ദർശനം ലക്ഷ്യമാക്കുന്നത്.