മനാമ: ഗുഡ് വേഡ് സൊസൈറ്റിയുടെ മികച്ച സന്നദ്ധ സേവനത്തിന് പ്രഖ്യാപിച്ച പുരസ്കാരം കോവിഡ് പ്രതിരോധ മെഡിക്കൽ ടീം തലവൻ ലഫ്. ജനറൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഏറ്റുവാങ്ങി. മന്ത്രിസഭ കാര്യാലയ അണ്ടർ സെക്രട്ടറിയും ഗുഡ്വേഡ് സൊസൈറ്റി ഓണററി ചെയർമാനുമായ ശൈഖ് ഈസ ബിൻ അലി ആൽ ഖലീഫ പുരസ്കാരം സമ്മാനിച്ചു. തുടർച്ചയായ രണ്ടാം തവണയാണ് മെഡിക്കൽ ടീമിനെ തേടി ബഹുമതി എത്തുന്നത്. പകർച്ചവ്യാധിയെ കൈകാര്യം ചെയ്യുന്നതിൽ പ്രാദേശികമായും അന്തർദേശീയമായും മികച്ച മാതൃകയാവാൻ നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സിന് സാധ്യമായതായി ശൈഖ് ഈസ ബിൻ അലി പറഞ്ഞു.
ബഹ്റൈന്റെ സവിശേഷമായ മുഖമുദ്രയായി സന്നദ്ധ സേവനത്തെ മാറ്റിയെടുക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു അവാർഡ് മെഡിക്കൽ സേവനത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ചവരുടെ പേരിൽ ഏറ്റുവാങ്ങുന്നതിൽ സന്തോഷമുള്ളതായി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ പറഞ്ഞു.