മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയിലെ ലേബർ ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ പരിശോധനയിൽ കുടുങ്ങി അനധികൃത തൊഴിലാളികൾ. നോർത്തേൺ ഗവർണറേറ്റിലെ വിവിധ സ്ഥലങ്ങളിലാണ് നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻറ്സ് അഫയേഴ്സുമായി സഹകരിച്ച് പരിശോധന നടത്തിയത്. എൽ.എം.ആർ.എ നിയമത്തിലെ വ്യവസ്ഥകളും താമസ നിയമങ്ങളും തൊഴിലാളികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു സംയുക്ത പരിശോധന.
അറസ്റ്റിലായ തൊഴിലാളികളെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചു. അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിന് വിവിധ സർക്കാർ ഏജൻസികളുമായി ചേർന്ന് നടത്തുന്ന പരിശോധന കാമ്പയിൻ ശക്തിപ്പെടുത്താനാണ് എൽ.എം.ആർ.എയുടെ തീരുമാനം. എൽ.എം.ആർ.എയും ആഭ്യന്തരമന്ത്രാലയവുമായി ചേർന്ന് ആവിഷ്കരിച്ച പദ്ധതി അനുസരിച്ചാണ് പരിശോധന കാമ്പയിൻ നടത്തുന്നത്. ഇതിനുപുറമേ, വിവിധ സ്ഥലങ്ങളിൽ പ്രതിദിന പരിശോധനകളുമുണ്ടാകും. തൊഴിൽരംഗം ശുദ്ധീകരിച്ച് സുതാര്യത കൈവരിക്കുകയാണ് ലക്ഷ്യം. അനധികൃത തൊഴിൽ സംബന്ധിച്ച് പൊതുജനങ്ങൾക്ക് 17506055 എന്ന നമ്പറിൽ വിവരം അറിയിക്കാമെന്നും അധികൃതർ വ്യക്തിമാക്കി.