മനാമ: ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അധികൃതർ കഴിഞ്ഞ ദിവസം നോർതേൺ ഗവർണറേറ്റിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി അനധികൃത തൊഴിലാളികളെ പിടികൂടി. നിയമനടപടികൾ പൂർത്തിയാക്കി ഇവരെ നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചു. മതിയായ രേഖകളില്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികളെ കണ്ടെത്താൻ വിവിധ ഗവർണറേറ്റുകളിൽ എൽ.എം.ആർ.എയുടെ കീഴിലെ ലേബർ ഇൻസ്പെക്ഷൻ ഡയറക്ടറേറ്റ് പരിശോധന നടത്തി വരികയാണ്.
നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സുമായി സഹകരിച്ചാണ് പരിശോധന. രാജ്യത്തെ തൊഴിൽ നിയമങ്ങൾ പ്രവാസി തൊഴിലാളികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് തുടർച്ചയായി നടത്തുന്ന പരിശോധനകളുടെ ലക്ഷ്യം. വിവിധ വകുപ്പുകളുമായി ചേർന്ന് വരും ദിവസങ്ങളിൽ പരിേശാധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. അനധികൃത തൊഴിലാളികളെക്കുറിച്ചുള്ള പരാതികൾ 17506055 എന്ന നമ്പറിൽ എൽ.എം.ആർ.എ കമ്യൂണിക്കേഷൻ സെൻററിൽ അറിയിക്കാം.