സഹീറിന്റെ ആകസ്മിക വിയോഗത്തില്‍ കെഎംസിസി ബഹ്‌റൈന്‍ അനുശോചിച്ചു

മനാമ: കനാലില്‍ മുങ്ങിയ കുട്ടികളെ രക്ഷിക്കുന്നതിനിടെ മുങ്ങിമരിച്ച വടകര അരയാക്കൂര്‍ താഴെയിലെ തട്ടാറത്ത് താഴകുനി സഹീറിന്റെ ആകസ്മിക വിയോഗത്തില്‍ കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന സെക്രട്ടറി എപി ഫൈസലിന്റെ പിതൃസഹോദര പുത്രനായ ഇദ്ദേഹം മാഹി കനാലില്‍ ഒഴുക്കില്‍പ്പെട്ട മൂന്നു കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് കയത്തില്‍ അകപ്പെട്ട് മുങ്ങിമരിച്ചത്. മൂന്ന് കുട്ടികളെ രക്ഷിക്കുന്നതിന് സ്വന്തം ജീവന്‍ പോലും സമര്‍പ്പിച്ച സഹീറിന്റെ വിയോഗം ഏറെ വേദനാജനകമാണെന്നും ദു:ഖകരമാണെന്നും കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കൽ എന്നിവര്‍ പറഞ്ഞു.

സാമൂഹ്യ സേവന രംഗത്തെ ഇത്തരം അപകടങ്ങള്‍ ഏവര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നതാണ്. സഹീറിന്റെ വിയോഗത്തില്‍ കുടുബത്തിനുണ്ടായ ദു:ഖത്തില്‍ പങ്കുചേരുന്നതായും ഏവരും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മയ്യിത്ത് നിസ്‌കാരങ്ങള്‍ നിര്‍വഹിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
മാഹി കനാലില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് ഒഴുക്കില്‍പ്പെട്ടത്. തുടര്‍ന്ന് കുട്ടികളുടെ നിളവിളികേട്ടെത്തിയ സഹീര്‍ മൂന്നുപേരെയും രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചെങ്കിലും കയത്തില്‍ അകപ്പെടുകയായിരുന്നു.