മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷനും ദിശ സെന്ററും ചേർന്ന് നടത്തുന്ന ‘പ്രവാചകൻ: വഴിയും വെളിച്ചവും’ കാമ്പയിന്റെ ഭാഗമായി നടത്തിയ സ്നേഹസംഗമം മത മൈത്രിയുടെ സാഹോദര്യ വിളംബരമായി. കഥാകൃത്തും നോവലിസ്റ്റുമായ കെ. പി രാമനുണ്ണി സംഗമം ഉദ്ഘാടനം ചെയ്തു.
തന്റെ പ്രതിയോഗികളോട് പോലും കാരുണ്യം കാണിച്ച പ്രവാചകൻ മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളോടും സ്നേഹവും വാത്സല്യവും കാണിക്കാനാണ് പഠിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രവാചകന്മാർ മുന്നോട്ടു വെച്ചിട്ടുള്ള സനാതന ധാർമിക മൂല്യങ്ങൾ മാനവരാശിക്ക് എപ്പോഴും പിന്തുടരാനുള്ളതാണ്. ഇതിൽ നിന്ന് വ്യതിചലിക്കുമ്പോഴാണ് മാനവ സമൂഹം വലിയ പ്രതിസന്ധി നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ആദർശത്തിൽ കാർക്കശ്യവും മാനവികതയിൽ ഉദാരതയും എന്നതായിരുന്നു പ്രവാചക സന്ദേശമെന്ന് തുടർന്ന് സംസാരിച്ച ഡയലോഗ് സെന്റർ സെക്രട്ടറി ജി.കെ എടത്തനാട്ടുകര പറഞ്ഞു . സംഘർഷപ്പെടാനല്ല സാഹോദര്യപ്പെടാനാണ് മതങ്ങൾ പ്രഘോഷിക്കുന്നതെന്ന് ഫാ.പോൾ തേലക്കാടും സ്നേഹ സംഗമങ്ങൾ മാനവിക സാഹോദര്യം ഉദാത്തമാക്കുമെന്ന് സ്വാമി ഗുരു രത്നം ജ്ഞാന തപസ്വിയും അഭിപ്രായപ്പെട്ടു. ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ സോമൻ ബേബി, ഷാജി കാർത്തികേയൻ, എബ്രഹാം ജോൺ, ബിനു കുന്നന്താനം, അസൈനാർ കളത്തിങ്കൽ, ഗഫൂർ കൈപ്പമംഗലം, ഫ്രാൻസിസ് കൈതാരത്ത്, ഷെമിലി പി. ജോൺ തുടങ്ങിയവർ സംബന്ധിച്ചു. ഹന്നത്ത് നൗഫൽ, മിന്നത്ത് നൗഫൽ എന്നിവരുടെ പ്രാർഥനാ ഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ ഫ്രന്റ്സ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. കാമ്പയിൻ ജനറൽ കൺവീനർ മുഹമ്മദ് ഏറിയാട് സ്വാഗതവും കൺവീനർ ജലീൽ അബ്ദുല്ല നന്ദിയും പറഞ്ഞു.