മനാമ: രാജ്യത്തെ ആരോഗ്യ പ്രവർത്തനങ്ങളിൽ ദേശീയ ആരോഗ്യ സമിതി കൈവരിച്ച നേട്ടങ്ങളെ ആരോഗ്യമന്ത്രി ഫേഖ ബിൻത് സെയ്ദ് അൽ സാലിഹ് അഭിനന്ദിച്ചു. പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും രോഗങ്ങൾ പടരുന്നത് തടയുന്നതിനും ലക്ഷ്യമിട്ടുള്ള ദേശീയ സംരംഭങ്ങൾ തുടരാൻ അവർ ആഗ്രഹിക്കുന്നുവെന്നും മന്ത്രി അറിയിച്ചു.
വിട്ടുമാറാത്ത സാംക്രമികേതര രോഗങ്ങളെ ചെറുക്കുന്നതിനുള്ള ദേശീയ സമിതി, എയ്ഡ്സ് പ്രതിരോധിക്കാനുള്ള ദേശീയ സമിതി, പുകവലി, പുകയില ഉല്പന്നങ്ങൾ എന്നിവയുടെ നിയന്ത്രണത്തിനുള്ള ദേശീയ സമിതി എന്നിവയുൾപ്പെടെയുള്ള ദേശീയ ആരോഗ്യ സമിതികളെ ആദരിക്കുന്ന ചടങ്ങിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
രാജ്യത്തിലെ മെഡിക്കൽ സേവനങ്ങൾക്കും ദേശീയ ആരോഗ്യ സമിതികളുടെ പ്രവർത്തനങ്ങൾക്കും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും ക്രൗൺ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും നല്കുന്ന അചഞ്ചലമായ പിന്തുണക്ക് ആരോഗ്യമന്ത്രി നന്ദിയും അഭിനന്ദനവും അറിയിച്ചു.
ചടങ്ങിൽ ദേശീയ ആരോഗ്യ സമിതികളിലെ 41 അംഗങ്ങളെ അവരുടെ മഹത്തായ സേവനങ്ങൾക്കും സംഭവനകൾക്കും ആദരിച്ചു.
ദേശീയ ആരോഗ്യ സമിതികളിൽ ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, വ്യവസായം, വാണിജ്യം, ടൂറിസം മന്ത്രാലയം, തൊഴിൽ, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രാലയം, യുവജന കായിക മന്ത്രാലയം, ഇൻഫർമേഷൻ കാര്യ മന്ത്രാലയം എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്നു.