തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായ എഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി. നീണ്ട പത്ത് ദിവസം വെന്‍റിലേറ്ററില്‍ മരണത്തോട് മല്ലിട്ട ശേഷമാണ് കേരളത്തിന്‍റെ ഹൃദയത്തെ നൊമ്പരപ്പെടുത്തി കൊണ്ട് ഏഴ് വയസുകാരന്‍ മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്ത പുറത്തു വരുന്നത്.
ഇന്നലെ മുതല്‍ കുട്ടിയുടെ കുടലിന്‍റെ പ്രവര്‍ത്തനം തീരെ മോശമായിരുന്നുവെന്നും ഭക്ഷണം കൊടുക്കാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്നും കുട്ടി ചികിത്സയില്‍ കഴിഞ്ഞ കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ആര്യന്‍ മരണം വിവരം പങ്കുവച്ചു കൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് രാവിലെയോടെ കുട്ടിയുടെ ഹൃദയമിടിപ്പ് ദുര്‍ബലമായി തുടങ്ങി. രാവിലെ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം കുട്ടിയെ സന്ദര്‍ശിച്ചു. കുട്ടി വെന്‍റിലേറ്ററില്‍ തുടരട്ടെ എന്നായിരുന്നു അവരുടേയും നിര്‍ദേശം. മണിക്കൂറുകള്‍ക്ക് ശേഷം ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മുപ്പതോടെ കുട്ടിയുടെ ഹൃദയമിടിപ്പ് നിലച്ചു പതിനൊന്ന് മുപ്പത്തഞ്ചോടെ മരണം ഔദ്യോഗികമായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
കഴിഞ്ഞ മാസം 28ന് പുലർച്ചെയാണ് ഏഴുവയസ്സുകാരനെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചത്. കട്ടിലിൽനിന്നു വീണു പരുക്കേറ്റെന്നു പറഞ്ഞാണ് അമ്മയും പ്രതി അരുൺ ആനന്ദും കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ശരീരത്തിന്റെ മറ്റു ഭാഗത്തും പരുക്കുകൾ കണ്ടെത്തിയതോടെ അധികൃതർ പൊലീസിൽ അറിയിച്ചു. തുടർന്ന് കുട്ടിയെ വിദഗ്ധ ചികിൽസകൾക്കായി കോലഞ്ചേരിയിലേക്ക് മാറ്റുകയായിരുന്നു.
പൊലീസിന്റെ വിശദമായ അന്വേഷണത്തിലും ഇളയകുട്ടിയുടെ മൊഴിയിൽനിന്നുമാണ് ഏഴുവയസ്സുകാരനെ അരുൺ ക്രൂരമായി മർദിച്ച വിവരം പുറത്തറിഞ്ഞത്. അമ്മയുടെ സുഹൃത്താണ് സഹോദരനെ വടികൊണ്ട് മർദിച്ചതെന്നും തലയ്ക്കു പിന്നിൽ ശക്തമായി അടിച്ചതെന്നും കാലിൽ പിടിച്ച് നിലത്തടിച്ചുവെന്നും ഇളയകുട്ടി മൊഴി നൽകി. ഏഴുവയസ്സുകാരന്റെ തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്ന നിലയിലായിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.