മനാമ: കൊയിലാണ്ടി കൂട്ടം മുൻകൈ എടുത്ത്, കൊയിലാണ്ടി താലൂക്കിലെ കൂട്ടായ്മകളേയും, ജീവകാരുണ്യ സ്ഥാപനങ്ങളുടെ ചാപ്റ്ററുകളേയും കൂട്ടിയിജിപ്പിച്ച് നടത്തിയ ഹൃദയാഘാത വിഷയത്തിലുള്ള സെമിനാറും, ജീവൻരക്ഷക്കായി അറിഞ്ഞിരിക്കേണ്ട പ്രാഥമിക വിഷയത്തിലുള്ള പരിശീലനവും വേറിട്ട അനുഭവമായി. ഇത്തരം പ്രവർത്തനങ്ങൾ കൂട്ടായ്മകൾ നടത്തുന്നത് പ്രശംസനീയമാണെന്ന് സെമിനാർ ഉത്ഘാടനം ചെയ്ത പ്രശസ്ത കൂക്കറിഷോ അവതാരക ഡോ: ലക്ഷ്മി നായർ അഭിപ്രായപ്പെട്ടു.
അൽഹിലാൽ മെഡിക്കൽ കെയർ കാർഡിയോളോജിസ്റ്റ് ഡോ: മനോജ് കുമാർ ഹൃദയാഘാത കാരണങ്ങൾ, ജീവിത രീതിയുമായുള്ള ബന്ധം, വ്യായാമത്തിന്റെ പ്രാധാന്യം, വിവിധ പ്രതിരോധ മാർഗങ്ങൾ എന്നിവ വിശദീകരിച്ചു സെമിനാറിൽ വിഷയം അവതരിപ്പിക്കുകയും പങ്കെടുത്തവരുടെ സംശയ നിവാരണം നടത്തുകയും ചെയ്തു. ആസ്റ്റർ ബഹ്‌റൈൻ ബേസിക് ലൈഫ് ട്രെയിനർ സിസ്റ്റർ അനീഷ പി. മുഹമ്മദലി ഹൃദയാഘാതം, കുട്ടികൾക്ക് തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയുണ്ടാകുന്ന അപകടങ്ങൾ, വെള്ളത്തിൽ വീണുണ്ടാകുന്ന അപകടങ്ങൾ എന്നിവ സംബന്ധിച്ച് നൽകേണ്ട പ്രാഥമിക ചികിത്സയുടെ ക്ലാസും പരിശീലനവും നൽകി. കെ.ടി. സലിം മോഡറേറ്റർ ആയിരുന്നു.
കൊയിലാണ്ടി കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ഗിരീഷ് കാളിയത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ സ്വാഗതവും ട്രെഷറർ നൗഫൽ നന്തി നന്ദിയും രേഖപ്പെടുത്തി. പങ്കാളികൾ ആയ സംഘടനകൾക്ക് വേണ്ടി ഇല്ല്യാസ് കൈനോത്ത് (ബഹ്‌റൈൻ നന്തി അസോസിയേഷൻ), ടി.പി. നൗഷാദ് (നിയാർക്ക് ബഹ്‌റൈൻ), ഫൈസൽ (മിവ കൊയിലാണ്ടി), അഫ്‌സൽ തിക്കോടി (ഗ്ലോബൽ തിക്കോടിയൻസ്), ടി.എം. രാജൻ (തുറയൂർ സ്വാന്തനം പെയിൻ ആൻഡ് പാലിയേറ്റിവ്), ജെ.പി.കെ തിക്കോടി (തണൽ പയ്യോളി ചാപ്റ്റർ) , മജീദ് തണൽ (ശാന്തി, പുറക്കാട്), ഷിജു (ഇരിങ്ങൽ കൂട്ടായ്‌മ) എന്നിവരും, കോഴിക്കോട് പ്രവാസി ഫോറം ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കരും ആശംസയർപ്പിച്ചു സംസാരിച്ചു.