മനാമ: കെ.പി.സി.സിയുടെ പോഷക സംഘടനയായ ഒ.ഐ.സി.സി/ ഇൻകാസ് പുതിയ ചെയർമാനായി കുമ്പളത്ത് ശങ്കരപിള്ളയെയും മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറായി രാജു കല്ലുംപുറത്തെയും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ പ്രഖ്യാപിച്ചു. ഒമാൻ ഒ.ഐ.സി.സി മുൻ പ്രസിഡൻറും ഗ്ലോബൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറിയുമാണ് കുമ്പളത്ത് ശങ്കരപിള്ള. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും ബഹ്റൈൻ ഒ.ഐ.സി.സി മുൻ പ്രസിഡൻറുമാണ് രാജു കല്ലുംപുറം. ഇവർക്കുപുറമെ, മിഡിൽ ഈസ്റ്റ് കൺവീനർമാരായി അഹമ്മദ് പുളിക്കൻ, ബിജു കല്ലുമല, കുഞ്ഞി കുമ്പള (സൗദി അറേബ്യ), വർഗീസ് പുതുക്കുളങ്ങര (കുവൈത്ത്), അഡ്വ. ആഷിക് തൈക്കണ്ടി, ഇ.പി. ജോൺസൻ, പി.കെ. മോഹൻദാസ് (യു.എ.ഇ), സമീർ ഏറാമല (ഖത്തർ), സജി ഔസേപ്പ് (ഒമാൻ) എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് കെ.പി.സി.സി പ്രസിഡൻറ് പ്രഖ്യാപിച്ചത്.
മെംബർഷിപ് കാമ്പയിൽ ആരംഭിക്കുക, നിലവിൽ കമ്മിറ്റികൾ ഇല്ലാത്ത രാജ്യങ്ങളിൽ കമ്മിറ്റികൾ രൂപവത്കരിക്കുക തുടങ്ങിയ ചുമതലകളാണ് പുതിയ കമ്മിറ്റിക്ക് നൽകിയ ഉത്തരവാദിത്തങ്ങൾ. പരമാവധി കോൺഗ്രസ് മുൻകാല പ്രവർത്തകർക്കും കോൺഗ്രസ് അനുഭാവികൾക്കും അംഗത്വം നൽകി ഗൾഫ് മേഖലയിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായി ഒ.ഐ.സി.സി/ഇൻകാസിനെ മാറ്റുമെന്ന് പുതുതായി ചുമതല ഏറ്റെടുത്ത കുമ്പളത്ത് ശങ്കരപിള്ളയും രാജു കല്ലുംപുറവും അറിയിച്ചു.