പാൻ ബഹ്റൈൻ പ്രവർത്തന ഉദ്ഘാടനവും യാത്രയയപ്പും സംഘടിപ്പിച്ചു

മനാമ: പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹ്റൈൻ) ഈ വർഷത്തെ പുതിയ ഭരണ സമിതിയുടെ പ്രവർത്തന ഉദ്ഘാടനം ബാൻ സാങ് തായി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജനറൽ സെക്രട്ടറി ശ്രീ. ജോയി വർഗീസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ശ്രീ. പി. വി. മാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു.

പ്രസ്തുത ചടങ്ങിൽ വച്ച് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന സംഘടനയുടെ സ്ഥാപക നേതാവും മുൻ പ്രസിഡണ്ടുമായ ശ്രീ. പൗലോസ് പള്ളിപ്പാടനും മുൻ ജനറൽ സെക്രട്ടറി ആയിരുന്ന ശ്രീ. ഡേവിസ് ഗർവാസീസ്, മുൻ വൈസ് പ്രസിഡണ്ടും സീനിയർ മെമ്പറും ആയിരുന്ന ശ്രീ. റോയി പഞ്ഞിക്കാരൻ എന്നിവർക്ക് സമുചിതമായ യാത്രയയപ്പ് നൽകി. അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഗാനമേളയും പരിപാടിക്ക് കൊഴുപ്പേകി.

ശ്രീ. പി. വി. രാധാകൃഷ്ണപിള്ള, ശ്രീ. സോമൻ ബേബി, ശ്രീ അരുൾദാസ് തോമസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഫ്രാൻസിസ് കൈതാരത്ത്, റെയ്സൺ വർഗീസ്, ശങ്കർ പല്ലൂർ, ജോണി തെക്കിനെത്, പിപി ചാക്കുണ്ണി, ബിജു ജോസഫ്, അമ്പിളിക്കുട്ടൻ, സുബൈർ കണ്ണൂർ, ജോൺ ഐപ്പ്, എബ്രഹാം ജോൺ, ഡോക്ടർ ബാബു രാമചന്ദ്രൻ, പോൾ ഉർവത്ത്, പി വി രമേശ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

ശ്രീ. പൗലോസ് പള്ളിപ്പാടൻ, ശ്രീ. ഡേവിസ് ഗർവാസീസ്, ശ്രീ. റോയ് പഞ്ഞിക്കാരൻ എന്നിവർ മറുപടിപ്രസംഗം നടത്തി. വൈസ് പ്രസിഡണ്ട് ശ്രീ. ഡെന്നി മഞ്ഞളി നന്ദി പറഞ്ഞു. കുമാരി മരീന ഫ്രാൻസിസ് അവതാരികയായിരുന്നു.