മനാമ: വേതന സംരക്ഷണ സംവിധാനത്തിൻറെ ആദ്യ രണ്ടു ഘട്ടങ്ങൾ വിജയകരമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി സി ഇ ഒ ജമാൽ അബ്ദുൽ അസീസ് അൽ അലാവി. മൂന്നു ഘട്ടങ്ങളിലായാണ് സംവിധാനം നടപ്പാക്കുന്നത്. 500ൽ അധികം ജീവനക്കാരുള്ള സ്ഥാപനങ്ങൾ വരുന്ന ആദ്യഘട്ടം കഴിഞ്ഞ മേയിലും 50 മുതൽ 499 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഉൾപ്പെടുന്ന രണ്ടാംഘട്ടം സെപ്റ്റംബറിലും നടപ്പാക്കി.
ഒന്നു മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ മൂന്നാംഘട്ടത്തിൽ അടുത്ത ജനുവരി ഒന്നു മുതലും സംവിധാനം നടപ്പാക്കണം. ആദ്യഘട്ടത്തിൽ ലക്ഷ്യമിട്ട 100 ശതമാനം സ്ഥാപനങ്ങളും സംവിധാനത്തിൽ ചേർന്നുകഴിഞ്ഞു. 80 ശതമാനത്തിലധികം സ്ഥാപനങ്ങളും ഇലക്ട്രോണിക് സംവിധാനത്തിലൂടെ ജീവനക്കാരുടെ ശമ്പളം നൽകാൻ തുടങ്ങി.
ബഹ്റൈൻ സെൻട്രൽ ബാങ്ക് അംഗീകരിച്ച ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിലെ അക്കൗണ്ട് വഴിയാണ് ജീവനക്കാരുടെ ശമ്പളം നൽകേണ്ടത്. രണ്ടാംഘട്ടത്തിൽ 87ശതമാനത്തിലധികം സ്ഥാപനങ്ങൾ ഇതിനകം സംവിധാനത്തിൻറെ ഭാഗമായി. 61 ശതമാനം സ്ഥാപനങ്ങളും ഇലക്ട്രോണിക് രീതിയിൽ ശമ്പളം നൽകാൻ ആരംഭിച്ചതായും സി ഇ ഒ പറഞ്ഞു.