മനാമ:
ബഹ്റൈൻ ദേശീയദിനമാഘോഷിക്കുന്ന പശ്ചാത്തലത്തിൽ ഭരണാധികാരി കിങ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്കും രാജ്യനിവാസികൾക്കും പ്രവാസി സമൂഹത്തിനും മന്ത്രിസഭ ആശംസകൾ നേർന്നു. കിരീടാവകാശിയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ രാജ്യം നേടിയെടുത്ത പുരോഗതിയും വളർച്ചയും വിവിധ മേഖലകളിലെ മുന്നേറ്റവും ചർച്ചചെയ്തു. ഹമദ് രാജാവിൻറെ ഭരണസാരഥ്യത്തിൽ രാജ്യം എല്ലാ മേഖലകളിലും വളർച്ച കൈവരിച്ചതായി വിലയിരുത്തി.
കുറഞ്ഞ വരുമാനക്കാരായ സ്വദേശി കുടുംബങ്ങൾക്ക് നൽകുന്ന സാമ്പത്തികസഹായം 10 ശതമാനം വർധിപ്പിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി. പാർലമെൻറും ശൂറാ കൗൺസിലും നേരത്തേ ഇത് ചർച്ച ചെയ്ത് പാസാക്കിയിരുന്നു. 40,000 വീടുകൾ നിർമിക്കാൻ ഹമദ് രാജാവ് പ്രഖ്യാപിച്ച പദ്ധതിയനുസരിച്ച് ഡിസംബർ അവസാനിക്കുന്നതിനുമുമ്പ് 2000 പാർപ്പിട യൂനിറ്റുകൾ അർഹരായവർക്ക് വിതരണം ചെയ്യാൻ പ്രധാനമന്ത്രി നിർദേശം നൽകി.
ഈസ്റ്റ് സിത്ര, ഖലീഫ സിറ്റി, സൽമാൻ സിറ്റി, ഈസ്റ്റ് ഹിദ്ദ് സിറ്റി എന്നിവിടങ്ങളിലായാണ് ഇവ നൽകുക. കോവിഡിൻറെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രണ്ടു വാക്സിനുകളും ബൂസ്റ്റർ ഡോസും നൽകുന്നത് ശക്തമായി തുടരാൻ കാബിനറ്റ് നിർദേശിച്ചു. സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിെൻറ ബഹ്റൈൻ സന്ദർശനം വിജയകരമായിരുന്നെന്ന് മന്ത്രിസഭ വിലയിരുത്തി.