മനാമ: ബഹ്റൈൻ കേരളീയ സമാജം സിനിമ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചിത്രീകരിച്ച ഒരുമണിക്കൂർ ദൈർഘ്യമുള്ള ഫീച്ചർ ഫിലിം ‘നിയതം’ ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ഡിസംബർ 18 ശനിയാഴ്ച വൈകീട്ട് 8 മണിക്ക് പ്രദർശിപ്പിക്കും.
രാജേഷ് സോമൻ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ഈ സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ജീവൻ പദ്മനാഭൻ ആണ്. ബഹ്റൈനിൽ ഒരു കൂട്ടം കലാകാരന്മാരാണ് ഈ സിനിമയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചിട്ടുള്ളവർ.
മനോഹരൻ പാവറട്ടി, വിനോദ് അളിയത്ത്, ജയ രവികുമാർ, സൗമ്യ സജിത്ത്, സുവിത രാകേഷ്, രമ്യ ബിനോജ്, ലളിത ധർമരാജൻ, ബിനോജ് പാവറട്ടി, ശരത് ലാൽ, ഉണ്ണി, മുസ്തഫ ആദൂർ, ഗണേഷ് കൂറാര, രാകേഷ് രാജപ്പൻ, സജിത്ത്, ഹനീഫ് മുക്കം, റസാഖ് തുടങ്ങി നിരവധി കലാകാരൻമാർ ഈ സിനിമയിൽ അണിനിരന്നിട്ടുണ്ട്. 2020-ൽ കൊറോണ ലോകമെമ്പാടും പടർന്നു പന്തലിച്ച സമയത്ത് പ്രവാസികളിൽ കൊറോണക്കാലം വരുത്തിയ നേർകാഴ്ചകൾ കുടുംബ ബന്ധങ്ങളെ കോർത്തിണക്കികൊണ്ടുള്ള ജീവിത അനുഭവങ്ങളുടെ കഥ പറയുന്ന സിനിമ ‘നിയതം’ ഓരോ പ്രവാസിയും അതോടൊപ്പം പ്രവാസിയുടെ കുടുംബങ്ങളും ബന്ധുക്കളും, പൊതു സമൂഹവും എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണെന്നും സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ, കലാവിഭാഗം സെക്രട്ടറി പ്രതീപ് പത്തേരി എന്നിവർ അറിയിച്ചു..
പൂർണമായും ബഹ്റൈനിൽ ചിത്രീകരിച്ച ഈ സിനിമ നാട്ടിൽ സിനിമാരംഗത്തെ പ്രഗത്ഭ വ്യക്തികളായ സച്ചിൻ സത്യ എഡിറ്റിങ്ങും, വിനീഷ് മണി പശ്ചാത്തല സംഗീതവും, നിർവ്വഹിച്ചിരിക്കുന്നു. വിജയൻ കല്ലാച്ചിയും രാജേഷ് സോമനും എഴുതിയ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ചലച്ചിത്ര പിന്നണി ഗായകൻ സുമേഷ് ആയിരൂറും, ബഹ്റൈനിലെ പ്രശസ്ത ഗായകൻ ഉണ്ണികൃഷ്ണൻ ഇരിഞ്ഞാലക്കുടയും ആണ്.
സിനിമയുടെ അസോസിയേറ്റ് ക്യാമറ പ്രഗീഷ് ബാല, അസോസിയേറ്റ് ഡയറക്ടർ ഹരിശങ്കർ, അസിസ്റ്റന്റ് ഡയറക്ടർ ഹർഷാദ് യൂസഫ്, ക്രിയേറ്റീവ് ഡയറക്ടർ അച്ചു അരുൺരാജ്, റെമിൽ, കലാ സംവിധാനം സുരേഷ് അയ്യമ്പിള്ളി, ചമയം സജീവൻ കണ്ണപുരം എന്നിവരാണ് നിർവ്വഹിച്ചിരിക്കുന്നത്.
ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോൾ മനോഹരൻ പാവറട്ടിയും പ്രൊഡക്ഷൻ കോർഡിനേറ്റർ വിനോദ് അളിയത്തും ആണ്. കൊറോണ കാലത്തെ പ്രവാസികൾ കടന്നുപോയ വിഷമഘട്ടങ്ങളുടെ നേർകാഴ്ചയാണ് ‘നിയതം’ ഈ സിനിമ എല്ലാവരും കാണണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും, ഈ പ്രദർശനത്തിനുള്ള പ്രവേശനം സൗജന്യമാണെന്നും സംഘാടകർ അറിയിച്ചു.