മനാമ: ഒരുമയുടെ ഉത്സവരാവായ് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ക്ക് ഇനി നാല് ദിനം മാത്രം. ബഹ്റൈൻ മലയാളി സമൂഹം ആവേശത്തോടെ കാത്തിരിക്കുന്ന പരിപാടി വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ ഈസ ടൗണിലെ ഇന്ത്യൻ സ്കൂളിൽ നടക്കും.
പരിപാടിയിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് മലയാളികൾ ഇതിനോടകം തന്നെ ടിക്കറ്റ് ബുക്ക് ചെയ്തു എന്നതും പ്രത്യേകതയാണ്. മണിക്കൂറുകൾ നീണ്ട കലാസന്ധ്യ ഉജ്ജ്വലമാക്കാനുള്ള അണിയറ ഒരുക്കമാണ് നടന്നുവരുന്നത്. കലയും സംഗീതവും ഹാസ്യവും എല്ലാം അരങ്ങിലെത്തും. പരിപാടിയുടെ റിഹേഴ്സൽ തകൃതിയിൽ നടന്നുവരികയാണ്. അടുക്കും ചിട്ടയാർന്നതുമായ സംഘാടനമായരിക്കും മറ്റൊരു പ്രത്യേകത.
മലയാളത്തിെൻറ മഹാനടൻ മമ്മൂട്ടിയും ഭാവഗായകൻ പി.ജയചന്ദ്രനുമായിരിക്കും വേദിയുടെ ശ്രദ്ധാകേന്ദ്രം. ഇന്ത്യൻ നടനസ്വരൂപമായ മമ്മൂട്ടിയുടെ ആരാധകർ അദ്ദേഹത്തിനായി ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. മമ്മൂട്ടി മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യുകയും തുടർന്ന് പി.ജയചന്ദ്രനുമായി സർഗാത്മക സംഭാഷണം നടത്തുകയും ചെയ്യും. അഭിനയകുലപതിയും ഭാവഗായകനും തമ്മിലുള്ള വേദിയിലെ വർത്തമാനം ഹാർമോണിയസ് കേരളയെ വിത്യസ്തമായ അനുഭവമാക്കും. ഇൻഫർമേഷൻ മന്ത്രാലയത്തിെൻറ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. ബഹ്റൈൻ ഗവൺമെൻറ് പ്രതിനിധികളും പെങ്കടുക്കും. നടനും ഗായകനുമായ മനോജ് കെ.ജയൻ, വിധു പ്രതാപ്, മുഹമ്മദ് അഫ്സൽ, നിഷാദ്, േജ്യാത്സന, മീനാക്ഷി, രഹ്ന, ഉല്ലാസ് പന്തളം, നസീർ സംക്രാന്തി, സുശാന്ത് തുടങ്ങിയവരുടെ സാന്നിധ്യം ഹാർമോണിയസ് കേരളയുടെ ആസ്വാദനം വേറിട്ടതാക്കുമെന്നാണ് വിലയിരുത്തുന്നത്. ബഹ്റൈൻ മലയാളി സമൂഹത്തിൽ ഇതുവരെ കാണാൻ കഴിയാത്ത ആവേശമാണ് ഹാർമോണിയസ് കേരളയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ വീക്ഷിക്കാൻ സാധിക്കുന്നത്. പ്രചാരണവും ടിക്കറ്റ് വിൽപനയും അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 330 അംഗങ്ങളുള്ള സ്വാഗതസംഘമാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ചെറുതും വലുതുമായ വിവിധ മലയാളി പ്രവാസി സംഘടനകളെയെല്ലാം ഉൾപ്പെടുത്തിയാണ് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചത്. എല്ലാ മലയാളി സംഘടനകളും ഒരുമിച്ച് പ്രവർത്തിക്കുന്ന സ്വാഗതസംഘം എന്നതും ഹാർമോണിയസ് കേരളയുടെ പ്രത്യേകതയാണ്.