മനാമ:
50-ാമത് ബഹ്‌റൈൻ ദേശീയ ദിനത്തിന്റെ ഭാഗമായി അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് നിരവധി പരിപാടികൾ സംഘടിപ്പിച്ചു. അൽ ഹിലാൽ ഹെൽത്ത്‌കെയർ ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ, ലൈറ്റ് ഓഫ് ദയ എന്നിവയുമായി സഹകരിച്ച് ഒരാഴ്ചത്തെ മെഗാ മെഡിക്കൽ ക്യാമ്പിന് തുടക്കമിട്ടു.
ഉദ്ഘാടന ചടങ്ങിൽ ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ പ്രസിഡന്റ് എഫ്.എം.ഫൈസൽ അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഐസിആർഎഫ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ നിർവഹിച്ചു. വൃക്ക, കരൾ കൊളസ്ട്രോൾ, രക്തസമ്മർദ്ദം, പഞ്ചസാര എന്നിവയ്ക്കുള്ള പരിശോധനയും ഡോക്ടർമാരുമായി സൗജന്യ കൺസൾട്ടേഷനും ഒരാഴ്ചത്തെയ്‌ക്ക് സൗജന്യമായി നൽകുമെന്ന് അൽ ഹിലാൽ അറിയിച്ചു.
ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് സിത്ര സ്‌പോർട്‌സ് ക്ലബ്ബിന്റെയും അന്നൈ തമിഴ് മന്ദ്രത്തിന്റെയും (എടിഎം) സഹകരിച്ച് സിത്ര ക്ലബ്ബിൽ അൽ ഹിലാൽ സൗജന്യ മെഡിക്കൽ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. കാൾട്ടൺ ഹോട്ടലിൽ സംഘടിപ്പിച്ച മംഗലാപുരം ഫുഡ് ഫെസ്റ്റിവലിലും അൽ ഹിലാൽ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുത്തവർക്ക് സൗജന്യ വൈദ്യപരിശോധനയും നടത്തി.
ചടങ്ങിൽ ബോഡി ചെക്കപ്പ് കൂപ്പണുകളും അൽ ഹിലാൽ വിതരണം ചെയ്തു. ബഹ്‌റൈനിലെ ജനങ്ങളുടെ ക്ഷേമം കണക്കിലെടുത്ത് വരും ദിവസങ്ങളിൽ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കാൻ ഗ്രൂപ്പ് പദ്ധതിയിടുന്നതായി സംഘാടകർ അറിയിച്ചു.