മനാമ:
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അത്യുജ്ജ്വലവും രണോത്സുകവുമായ അധ്യായങ്ങളിലൊന്നായ മലബാർ വിപ്ലവത്തിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് നടത്തിവരുന്ന പരിപാടികൾക്ക് പരിസമാപ്തി കുറിച്ച് യൂത്ത് ഇന്ത്യ ഒരുക്കുന്ന ‘മലബാർ ഫെസ്റ്റ് 2021’ ഡിസംബർ 31 ന് സിഞ്ചിലെ ഫ്രൻ്റ്സ് ആസ്ഥാനത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഖിലാഫത് പ്രസ്ഥാനത്തിന്റെയും ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും നേതാക്കളുടെ നിർദേശ പ്രകാരം വൈദേശിക അധിനിവേശ ശക്തികൾക്കെതിരെ പോരാടി വീര രക്തസാക്ഷ്യം വരിച്ച മാപ്പിളമാരുടെ ചരിത്രം ഇന്ന് ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ്. ഈ അവസരത്തിൽ വിസ്മരിക്കപ്പെടുന്ന ചരിത്രം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കൽ ഓരോ പൗരന്റെയും ബാധ്യതയാണെന്ന് തിരിച്ചറിഞ്ഞ് മലബാർ സമരവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
സമര ചരിത്രം പറയുന്ന എക്സിബിഷൻ, കോൽകളി, ഒപ്പന മറ്റ് മാപ്പിള കലാവിഷ്കാരങ്ങൾ എന്നിവ മലബാർ ഫെസ്റ്റിൽ അരങ്ങേറും. മലബാർ സമരവുമായി ബന്ധെപ്പെട്ട് രചിക്കപ്പെട്ട പുസ്തകങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള പുസ്‌തകമേള, ഫുഡ് കൗണ്ടർ എന്നിവയും ഒരുക്കും. ബ്രിട്ടീഷുകാർക്കെതിരെയും ജന്മിത്തത്തിനെതിരെയും ജീവനും സ്വത്തും ബലി നൽകിയ രക്തസാക്ഷികളുടെ ധീര സ്മരണകൾ ഓർത്തെടുക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 35598694 (വി.കെ അനീസ്), 34440906 (വി.എൻ മുർഷാദ്) എന്നീ നമ്പരുകളിൽ ബന്ധപ്പെടാമെന്നും സംഘാടകർ അറിയിച്ചു.