മനാമ: ചന്ദ്രിക ഡയറക്ടറും പ്രമുഖ വ്യവസായിയും ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവും പേസ് എഡ്യൂക്കേഷണൽ ഗ്രൂപ്പിന്റെ ചെയർമാൻ കൂടിയായ ഡോ. പി.എ. ഇബ്രാഹിം ഹാജി (78) യുടെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചിച്ചു.
മിഡിൽ ഈസ്റ്റിലും ഇന്ത്യയിലുമായി ഒരുപാട് വ്യവസായ സ്ഥാപനങ്ങളുള്ള അദ്ദേഹത്തിന്റെ ഗ്രൂപ്പിൽ 25000 ത്തിൽ പരം ആളുകൾ ജോലി ചെയ്യുന്നുണ്ട്.
ചന്ദ്രികയുടെ വളർച്ചയിലും മുന്നോട്ടുള്ള പ്രയാണത്തിലും അദ്ദേഹത്തിന്റെ പങ്ക് നിസ്തുല്യമാണ്. അബ്ദുള്ള ആയിഷ ദമ്പതികളുടെ മകനായ ഇബ്രാഹിം ഹാജി
പ്രവാസി രത്‌ന; സി എച്ച് അവാർഡ്; ഗാർഷോം ഇന്റർനാഷണൽ അവാർഡ് 2017 എന്നീ ബഹുമതികൾക്ക് അർഹനായിട്ടുണ്ട്.
ഇബ്രാഹിം ഹാജിയെ പോലുള്ള വലിയ മനുഷ്യന്റെ വേർപാട് തീരാ നഷ്ടം തന്നെയാണെന്ന് കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ആക്ടിങ് ജനറൽ സെക്രട്ടറി കെ പി മുസ്തഫ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ഇബ്രാഹിം ഹാജിയുടെ വേർപാടിൽ ദുഖാർത്ഥരായ കുടുംബാംഗങ്ങളുടെയും, സഹ പ്രവർത്തകരുടെയും, സമൂഹത്തിന്റെയും വിഷമത്തിൽ ബഹ്‌റൈൻ കെഎംസിസി യും പങ്കു ചേരുന്നതായി നേതാക്കൾ അറിയിച്ചു.
അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിനായി പ്രാർത്ഥിക്കാൻ നേതാക്കൾ അഭ്യർത്ഥിച്ചു.