മനാമ: നാട്ടിൽ പ്രവാസികൾക്ക് ക്വാറന്റീൻ നടപ്പാക്കിയത് തികച്ചും തെറ്റായതും ആശാസ്ത്രീയവുമായ തീരുമാനമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം. കോവിഡിന്റെ തുടക്കകാലം കോവിഡ് വാഹകർ എന്ന തരത്തിൽ പ്രവാസികളെ ചിത്രീകരിച്ചു. പല പ്രവാസികൾക്കും കുടുംബത്തെ കാണാതായിട്ട് വർഷങ്ങളായി. വലിയ നിരക്കിൽ ടിക്കറ്റ് ഏർപ്പാടാക്കി എത്തുന്ന പ്രവാസികൾക്ക് നേരെ സർക്കാർ കൊണ്ടുവന്ന ക്വാറന്റീൻ മാനസിക പ്രയാസമാണുണ്ടാക്കുന്നത്. പ്രവാസികൾ രണ്ടു വാക്സിനേഷനും ബൂസ്റ്റർ ഡോസും സ്വീകരിച്ചശേഷം യാത്ര സമയത്തിന് മുമ്പുള്ള കോവിഡ് ടെസ്റ്റും എടുത്തശേഷമാണ് എത്തുന്നത്. പ്രവാസികളെ വൈറസ് വ്യാപകർ എന്ന നിലയിൽ നടപ്പാക്കിയ തീരുമാനത്തിൽനിന്നും കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പിന്മാറണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കേരളം ഘടകം പ്രസിഡന്റ് സൈഫ് അഴീക്കോടും ജനറൽ സെക്രട്ടറി വി.കെ. മുഹമ്മദലിയും ആവശ്യപ്പെട്ടു.
