മനാമ:
ഹമദ് രാജാവിന്റെ നേതൃത്വത്തിലുള്ള ബഹ്റൈന്റെ സമഗ്ര വികസന ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിൽ ബാങ്കിങ്, ധനകാര്യ മേഖല നിർണായക പങ്കുവഹിക്കുന്നുവെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു. ബഹ്റൈൻ ബേയിൽ ബഹ്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻസിന്റെ (ബി ഐ ബി എഫ്) പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അത്യാധുനിക ആസ്ഥാനത്തിന്റെ ഉദ്ഘാടനം ഈ മേഖലയുടെ വികസനത്തിന് മികച്ച സംഭാവന നൽകുമെന്നും സമ്പദ്വ്യവസ്ഥക്കും ബഹ്റൈൻ പൗരന്മാർക്കും പ്രയോജനം ചെയ്യുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സാമ്പത്തിക സേവനമേഖലയിൽ മികച്ച അവസരങ്ങൾ പ്രദാനം ചെയ്യുന്നതിലൂടെയും വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളുടെ കഴിവുകൾ വികസിപ്പിക്കുന്നതിലൂടെയും രാജ്യത്തിന്റെ തൊഴിൽശക്തിയിൽ നിക്ഷേപം നടത്തേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
എപ്പോൾ വേണമെങ്കിലും 1200 ട്രെയിനികളെ ഉൾക്കൊള്ളാൻ കഴിയുന്ന 25,000 ചതുരശ്ര മീറ്റർ കെട്ടിടം അദ്ദേഹം സന്ദർശിച്ചു. 600 പ്രോഗ്രാമുകളും നിരവധി അന്താരാഷ്ട്ര പങ്കാളിത്തങ്ങളും ഉൾപ്പെടെ ബി ഐ ബി എഫിന്റെ 40 വർഷത്തെ ചരിത്രത്തെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു.