മനാമ: പ്രതിബദ്ധത ഇല്ലാത്തവരുടെ ഭരണം മൂലം ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് പോകുകയാണെന്ന് യുണൈറ്റഡ് പാരന്റ്‌സ് പാനല്‍ (യു.പി.പി) വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നിലവിലെ ചെയര്‍മാന്‍ രക്ഷിതാവല്ലാത്ത സാഹചര്യത്തില്‍ സ്‌കൂള്‍ നിയമാവലി മാനിച്ച് അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ വൈസ് ചെയര്‍മാന്‍ അധ്യക്ഷത വഹിക്കണമെന്നും യുപിപി ആവശ്യപ്പെട്ടു.
പഠനം ഓണ്‍ലൈന്‍ ആക്കിയതിലൂടെ ദൈനംദിന ചെലവുകള്‍ വളരെയേറെ കുറഞ്ഞ സാഹചര്യമുണ്ടായിട്ടും സ്‌കൂള്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്ന് ഭരണകര്‍ത്താക്കള്‍ പറയുന്നത് വളരെയധികം ആശ്ചര്യമുളവാക്കുന്ന കാര്യമാണ്. പല ഭാഗത്തുനിന്നും സഹായങ്ങള്‍ ലഭിച്ചിട്ടും കോവിഡ് സാഹചര്യത്തില്‍ ഫീസ് അടക്കാന്‍ നിര്‍വ്വാഹമില്ലാത്ത കുട്ടികളെ ഇടക്കിടെ ക്ലാസ്സില്‍ നിന്നും പുറത്താക്കി ബുദ്ധിമുട്ടിക്കുന്നതെന്തുകൊണ്ടാണെന്നും വ്യക്തമാക്കേണ്ടതുണ്ട്.
ഒരു ലക്ഷത്തി മുപ്പത്താറായിരം ദിനാര്‍ ഫീസിന്റെ കുടിശിക ഇനത്തില്‍ എഴുതിതള്ളി എന്ന് പറയുന്നവര്‍ ആര്‍ക്കൊക്കെയാണ് ഈ ആനുകൂല്ല്യം നല്‍കിയത് എന്ന് വെളിപ്പെടുത്തണം. വിദ്യാര്‍ഥികള്‍ ഉപയോഗിക്കാത്ത ലാബ്, എ.സി, ലൈബ്രറി തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്ക് നിര്‍ബന്ധമായും ഫീസ് ഈടാക്കുന്ന രീതി ഉണ്ടായിട്ടും ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ക്യത്യമായും മുഴുവനായും അവരുടെ വേതനം നല്‍കുന്നുമില്ല.
അന്‍പതോളം അദ്ധ്യാപകര്‍ ഒഴിഞ്ഞു പോയ ഇന്നത്തെ സാഹചര്യത്തില്‍ വേതനയിനത്തില്‍ വര്‍ഷം ഒന്നേകാല്‍ ലക്ഷത്തിലധികം ദിനാറോളം, ചെലവില്‍ കുറവ് വന്നു. കോവിഡ് സാഹചര്യമായതിനാല്‍ കലോല്‍സവങ്ങളും തരംഗ് പോലെ സ്‌കൂള്‍ നടത്താറുള്ള പൊതു പരിപാടികളും നടത്താനുള്ള ചെലവുകള്‍ കുറഞ്ഞു. എന്നിട്ടു പോലും സ്‌കൂളിന്റെ സാമ്പത്തിക സ്ഥിതി ഇത്രയും മോശമാകുന്നതെങ്ങിനെയാണ്.
ചെയര്‍മാനും സെക്രട്ടറിയുമടക്കം ബഹുഭൂരിഭാഗം പേരും രക്ഷിതാക്കള്‍ അല്ലാത്തതിനാല്‍ സ്‌കൂളിനോടോ രക്ഷിതാക്കളോടോ ഒരു പ്രതിബദ്ധതയും ആത്മാര്‍ത്ഥതയുമില്ലാതെ ഒട്ടും ധാര്‍മ്മികമല്ലാത്ത രീതിയില്‍ ഭരണം കയ്യാളുന്നത് കൊണ്ടാണ് രക്ഷിതാക്കളുടെ പൊതു വികാരം ബന്ധപ്പെട്ടവര്‍ക്ക് മനസ്സിലാകാതെ പോകുന്നത്. മെമ്പര്‍ഷിപ്പ് ഫീസായ അഞ്ച് ദിനാര്‍ വര്‍ഷം തോറും അടച്ച് മെമ്പര്‍ഷിപ്പ് പുതുക്കുന്ന ഏതൊരു രക്ഷിതാവിനും ജനറല്‍ ബോഡിയില്‍ പങ്കെടുക്കാമെന്ന് ഇന്ത്യന്‍ സ്‌കൂള്‍ നിയമാവലിയില്‍ വ്യക്തമായി പറഞ്ഞിരിക്കേ രണ്ടു മാസത്തെ ഫീസ് ബാക്കിയുള്ളവരെ ജനറല്‍ ബോഡിയില്‍ ഉള്‍പ്പെടുത്തീല്ലെന്ന തീരുമാനം എടുക്കാന്‍ രക്ഷിതാവല്ലാത്ത ആള്‍ക്ക് എന്തധികാരമാണുള്ളത്. ഇത് തികച്ചും ഏകാധിപത്യ പ്രവണതയാണ്.
കോവിഡിന്റെ വിഷമങ്ങള്‍ മൂലം ഫീസടക്കാന്‍ പറ്റാത്ത രക്ഷിതാക്കള്‍ക്ക് അവരുടെ വിഷമങ്ങള്‍ സ്‌കൂളിന്റെ പരമാധികാര സഭയില്‍ നേരിട്ടെത്തി പറയാനുള്ള അവകാശമാണ് ഇതിലൂടെ നിഷേധിക്കപ്പെടുന്നത്. സ്‌കൂള്‍ ചെയര്‍മാന്‍ നിലവില്‍ ഇന്ത്യന്‍ സ്‌കൂള്‍ രക്ഷിതാവല്ലാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ നിയമാവലിയെ മാനിച്ചെങ്കിലും ഈ വരുന്ന ജനറല്‍ ബോഡിയോഗം ഇപ്പോള്‍ രക്ഷിതാവായിട്ടുള്ള വൈസ് ചെയര്‍മാനെ കൊണ്ട് ചെയര്‍ ചെയ്യിക്കാനുള്ള മിനിമം മാന്യതയെങ്കിലും ഒരു കാവല്‍ കമ്മറ്റിയെന്ന നിലയില്‍ ബന്ധപ്പെട്ടവര്‍ കാണിക്കേണ്ടതുണ്ടെന്ന് യു.പി.പി ഭാരവാഹികള്‍ ഓര്‍മ്മിപ്പിച്ചു.