മനാമ:
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണകാര്യ മന്ത്രാലയത്തെ കാബിനറ്റ് ചുമതലപ്പെടുത്തി.
ഉപ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ ബഹ്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻസിന്റെ പുതിയ കെട്ടിടം ബഹ്റൈൻ ബേയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തത് നേട്ടമാണെന്ന് വിലയിരുത്തി. ലണ്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻസുമായി സഹകരിച്ചാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി അടയാളപ്പെടുത്തുന്നതിൽ സ്ഥാപനം വലിയ പങ്കുവഹിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതിയും രാജ്യത്തെ പുതിയ കേസുകളുടെ എണ്ണവും യോഗം ചർച്ച ചെയ്തു.
കോവിഡ് ഒന്നും രണ്ടും ഡോസ് സ്വീകരിച്ചവർ 95 ശതമാനമായി വർധിച്ചതായും ബൂസ്റ്റർ ഡോസ് 83 ശതമാനം പേരും എടുത്തതായും വിലയിരുത്തി. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള നിർദേശത്തിന് കാബിനറ്റ് അംഗീകാരം നൽകി.