മനാമ: അഞ്ചാമത് ഇന്റർനാഷണൽ അനിമൽ പ്രൊഡക്ഷൻ ഷോ (Mara’ee 2019) ബഹ്‌റൈൻ രാജാവ് ഹിസ് ഹൈനസ് ഹമദ് ബിൻ ഇസ അൽ ഖലീഫ ഉൽഘാടനം ചെയ്തു. ബഹ്‌റൈന്റെ മൃഗ പരിപാലന കാർഷിക സമ്പത്തിനെ കുറിച്ചും മുന്നേറ്റങ്ങളെ കുറിച്ചും കാർഷിക മേഖലയോടുള്ള താൽപര്യത്തെ പറ്റിയും അദ്ദേഹം സംസാരിച്ചു.
ബഹ്റിനിലെ ഏറ്റവും വലിയ അനിമൽ പ്രൊഡക്ഷൻ ഷോയിൽ ഡെപ്യൂട്ടി പ്രധാനമന്ത്രിമാരായ ശൈഖ് മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫ, ഷെയ്ഖ് അലി ബിൻ ഖലീഫ അൽ ഖലീഫ, പാർലമെന്റ് സ്പീക്കർ ഫൗസിയ സൈനൽ, ഷൂറ കൗൺസിൽ ചെയർമാൻ അലി സലെഹ് അൽ സലെഹ് എന്നിവരും സന്നിഹിതരായിരുന്നു.
സാക്കിറിലെ ബഹ്‌റൈൻ ഇന്റർനാഷണൽ എൻഡ്യൂറൻസ് വില്ലേജിലാണ് ഷോ നടക്കുന്നത്. ഇന്ന്(ബുധൻ) മുതൽ അഞ്ചു ദിനങ്ങളിലേക്കു പൊതുജനങ്ങൾക്ക് ഷോ കാണാൻ തുറന്നു കൊടുത്തിട്ടുണ്ട്. പ്രവേശനം സൗജന്യമായ ഷോ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാണുള്ളത്.
തുർക്മെനിസ്ഥാനിൽ നിന്നുള്ള ഇക്വസ്ട്രിയൻ കോംപ്ലക്സിലെ ഗ്യാലക്സി ഡിവിഷനാണ് ഈ വർഷത്തെ ഷോയിലെ പ്രധാന ആകർഷണം. പരിപാടിയിൽ ഇക്വസ്ട്രിയൻ ഷോകളുടെ പ്രദർശനവും വിവിധ വിഭാഗങ്ങളിൽ ഉള്ള മൃഗങ്ങളുടെ ഉടമകളെ ആദരിക്കുകയും ചെയ്തു.
ചിത്രങ്ങൾക്ക് കടപ്പാട്: GDN