മനാമ: പ്രശസ്ത കവിയും മലയാളം മിഷൻ ഭരണ സമിതി അംഗവുമായിരുന്ന സുഗതകുമാരിയുടെ സ്മരണാർത്ഥം മലയാളം മിഷൻ ആഗോളതലത്തിൽ നടത്തുന്ന “സുഗതാഞ്ജലി “കാവ്യാലാപന മത്സരം രണ്ടാം പതിപ്പിൻ്റെ ബഹ്റൈൻ ചാപ്റ്റർ തല മത്സരങ്ങൾ നാളെ (ഫെബ്രുവരി 11) നടക്കും. ബഹ്റൈൻ കേരളീയ സമാജം ബാബു രാജൻ ഹാളിൽ വെച്ച് വൈകുന്നേരം 4 മണി മുതലാണ് മത്സരം.
മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച മഹാകവി കുമാരനാശാൻ്റെ കവിതകളെ ആസ്പദമാക്കിയാണ് സുഗതാഞ്ജലിയുടെ രണ്ടാം പതിപ്പിലെ മത്സര ബൾ സംഘടിപ്പിച്ചിരിക്കുന്നത്. സുഗതകുമാരിയുടെ കവിതകളെ ഉൾക്കൊള്ളിച്ചിട്ടുച്ചുള്ളതായിരുന്നു കഴിഞ്ഞ വർഷത്തെ മത്സരം.
സബ്ജൂനിയർ ,ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ
ബഹ്റൈനിലെ വിവിധ മലയാളം മിഷൻ പഠന കേന്ദ്രങ്ങളെ പ്രതിനിധീകരിച്ച് പഠിതാക്കൾ പങ്കെടുക്കും.
ചാപ്റ്റർതല മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർ മലയാളം മിഷൻ അടുത്ത മാസം നടത്തുന്ന ഫൈനൽ മത്സരത്തിൽ ബഹ്റൈൻ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് മത്സരിക്കും.
മത്സരത്തിൽ വിജയികളാകുന്നവർക്ക് ചാപ്റ്റർ നൽകുന്ന സമ്മാനങ്ങൾക്ക് പുറമെ മലയാളം മിഷൻ്റെ സർട്ടിഫിക്കേറ്റുകളും നൽകുമെന്നും കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടായിരിക്കും മത്സരമെന്നും സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു. മത്സരത്തെ സംബസിച്ച കൂടുതൽ വിവരങ്ങൾക്ക് രജിത അനി 38044694, ലത മണികണ്ഠൻ 33554572 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.