മനാമ: ഇന്ത്യന്‍ സ്‌കൂള്‍ റിഫ കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയ കായിക ദിന പരിപാടികള്‍ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ക്ലാസ് റൂം വ്യായാമങ്ങള്‍, വീഡിയോ അവതരണങ്ങള്‍ തുടങ്ങിയ പരിപാടികള്‍ ഓരോ തലത്തിലും ഓണ്‍ലൈനായി സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ദിനചര്യയുടെ ഭാഗമായി വ്യായാമം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു.
ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ദേശീയ കായിക ദിനത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ സ്‌കൂള്‍ റിഫ കാമ്പസും പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ അവരുടെ അധ്യാപകരോടൊപ്പം തത്സമയ സെഷനുകളില്‍ സഹപാഠികളുമായി ഇന്‍ഡോര്‍ വര്‍ക്കൗട്ടുകളും ബോര്‍ഡ് ഗെയിമുകളും രസകരമായ പ്രവര്‍ത്തനങ്ങളും ഒരുക്കി. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം കായിക പരിപാടികള്‍ നടത്തുന്ന ചിത്രങ്ങള്‍ പങ്കുവെച്ചു.
സ്‌കൂളിലെ വിശാലമായ കാമ്പസ് എല്ലാ കുട്ടികള്‍ക്കും ഒരു മികച്ച കായിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യം ഒരുക്കുന്നു. നന്നായി ചിട്ടപ്പെടുത്തിയതുമായ ഔട്ട്‌ഡോര്‍, ഇന്‍ഡോര്‍ ഗെയിമുകള്‍ ഓരോ കുട്ടിയുടെയും പ്രതിവാര പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. നിലവില്‍ വെര്‍ച്വല്‍ ക്ലാസുകളില്‍, വിദ്യാര്‍ത്ഥികള്‍ ദിവസവും വാം-അപ്പ് വ്യായാമങ്ങളും ഇന്‍ഡോര്‍ വ്യായാമങ്ങളും ആസ്വദിക്കുന്നു.
സ്പോര്‍ട്സും ഗെയിമുകളും നമ്മുടെ ശാരീരിക ക്ഷമത വികസിപ്പിക്കുക മാത്രമല്ല, അച്ചടക്കം, ടീം സ്പിരിറ്റ് തുടങ്ങിയ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ വളരെയധികം സഹായിക്കുമെന്നും പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ആവേശകരമായ പങ്കാളിത്തത്തോടെ ദേശീയ കായികദിനം സംഘടിപ്പിക്കുന്നതില്‍ ടീം റിഫയുടെ ശ്രമങ്ങളെ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, ഇ.സി അംഗങ്ങള്‍ എന്നിവര്‍ അഭിനന്ദിച്ചു.