പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് രാജ്യത്ത് ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 91 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് പൂർത്തിയായത്. ഉത്തർപ്രദേശിലും ബിഹാറിലും 50 ശതമാനത്തിന് മുകളിൽ പോളിംഗ് രേഖപ്പെടുത്തിയപ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാളിലും 55 നും 60 നും ഇടയിലാണ് പോളിംഗ് ശതമാനം.
2014ലെ അപേക്ഷിച്ച് പല കേന്ദ്രങ്ങളിലും പോളിങ് ശതമാനം ഇടിഞ്ഞു. പശ്ചിമ ബംഗാളിലും അരുണാചലിലും നടന്ന ആക്രമങ്ങളിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. യുപിയിലെ വിവിധ കേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആക്രമമുണ്ടായി. നമോ എന്ന പേരിൽ പോളിങ് ബൂത്തുകള്‍ക്ക് അരികിൽ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിൽ ഏതാനും ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം തകരാറിലായതോടെ വോട്ടെടുപ് ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. ഇനി ഏപ്രിൽ 18 ന് 97 മണ്ഡലങ്ങളിലേക്കായി രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും.