മനാമ:
ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ തൊഴിൽപരമായും മറ്റുമുള്ള വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യൻ എംബസിയിൽ ഓപൺ ഹൗസ് സംഘടിപ്പിച്ചു. നിലവിലെ കോവിഡ് സാഹചര്യങ്ങൾ, ഇന്ത്യയും ബഹ്റൈനും തമ്മിലെ സഹകരണത്തിന്റെ പുരോഗതി എന്നിവയെക്കുറിച്ച് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഓപൺഹൗസിൽ വിശദീകരിച്ചു.
കോവിഡ് കേസുകൾ ഇന്ത്യയിലും ബഹ്റൈനിലും ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏറക്കുറെ ഇല്ലാതായിട്ടുണ്ട്. പൂർണമായും വാക്സിൻ സ്വീകരിച്ച വ്യക്തികൾക്ക് ആർ ടി പി സി ആർ ടെസ്റ്റോ ക്വാറന്റീനോ ഇല്ലാതെ ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ കഴിയും. അതേസമയം, കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള മുൻകരുതലുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് ഇന്ത്യൻ അംബാസഡർ പ്രവാസി സമൂഹത്തെ ഓർമിപ്പിച്ചു.