മനാമ:
മനുഷ്യക്കടത്ത് തടയുന്നതിൽ ബഹ്റൈൻ തുടർച്ചയായി നേട്ടം കൈവരിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു. ജനീവയിൽ നടക്കുന്ന മുനുഷ്യാവകാശ കൗൺസിൽ ഉന്നതതല യോഗത്തിൽ ഓൺലൈനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യക്കടത്ത് സംബന്ധിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിന്റെ വാർഷിക റിപ്പോർട്ടിൽ തുടർച്ചയായ നാലാം വർഷവും ടയർ 1 കാറ്റഗറിയിൽ ഉൾപ്പെടാൻ സാധിച്ചത് ബഹ്റൈൻ കൈവരിച്ച നേട്ടത്തിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹ്റൈനിലെ വനിതകളുടെ ഉന്നതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ മികച്ച ഫലമാണുണ്ടാക്കിയത്. രണ്ട് ദശാബ്ദങ്ങൾക്ക് മുമ്പ് സ്ഥാപിതമായ വനിതാ സുപ്രീം കൗൺസിലാണ് ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതികളും നയങ്ങളും കൗൺസിൽ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. ദേശീയ വികസനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഗണ്യമായി വർധിച്ചിട്ടുണ്ട്. വിവിധ തൊഴിൽമേഖലകളിൽ സ്ത്രീകൾ പുരുഷൻമാർക്കൊപ്പം എത്തുകയും ചെയ്തു. സർക്കാറിലെ എക്സിക്യൂട്ടിവ് പദവികളിൽ സ്ത്രീകളുടെ പങ്കാളിത്തം 46 ശതമാനമായി ഉയർന്നു. സ്വകാര്യ മേഖലയിൽ ഇത് 34 ശതമാനമാണ്. സ്വകാര്യ കമ്പനികളുടെ ഡയറക്ടർമാരിൽ സ്ത്രീകളുടെ പങ്കാളിത്തം 17 ശതമാനമാണെന്നും മന്ത്രി പറഞ്ഞു.