മനാമ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം ലോകത്തിന്റെ തന്നെ തീരാനോവാണെന്നും നിലച്ചത് സ്‌നേഹചുവരുകള്‍ പണിത സമുദായ ശബ്ദമാണെന്നും കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി. ഹരിതരാഷ്ട്രീയത്തിനപ്പുറം സൗമ്യതയോടെ ലോകത്തെ ചേര്‍ത്തുപിടിച്ച സമുന്നത നേതാവായിരുന്നു അദ്ദേഹം. ഏവര്‍ക്കും സ്വീകാര്യനും പ്രിയങ്കരനുമായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം ഏറെ വേദനാജനകമാണെന്നും കെഎംസിസിയെയും മുസ്ലിം ലീഗിനെയും സംബന്ധിച്ചിടത്തോളം അനാഥത്വമാണെന്നും കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു.
ബഹ്‌റൈന്‍ കെഎംസിസിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചും നിര്‍ദേശങ്ങള്‍ നല്‍കിയും തങ്ങള്‍ എന്നും കൂടെയുണ്ടായിരുന്നു. സാധാരണക്കാരുടെ ഹൃദയങ്ങള്‍ കണ്ടറിഞ്ഞായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. പാണക്കാട് തടവാട് മുറ്റത്തേക്ക് എത്തുന്നവര്‍ക്ക് ആശ്രയവും തണലുമായിരുന്നു അദ്ദേഹം. പ്രതിസന്ധിഘട്ടങ്ങളില്‍ മുസ്ലിം സമുദായത്തെ ഐക്യത്തോടെ ചേര്‍ത്തുനിര്‍ത്തി, മുന്നോട്ടേക്ക് നയിച്ച ആത്മീയാചാര്യനുമായിരുന്നു ഹൈദരലി തങ്ങള്‍. രാഷ്ട്രീയ നേതൃസ്ഥായിയില്‍ നിന്ന് പൊതുരംഗത്തെ അനഭിമത വേര്‍തിരിവുകളെ ഇണക്കിച്ചേര്‍ത്തായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതെന്നും നേതാക്കള്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.