മനാമ: കഴിഞ്ഞ ദിവസം വിട വാങ്ങിയ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അനിഷേധ്യ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ് ഡയറക്ടറും നിരവധി മഹല്ലുകളുടെ ഖാദിയുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചന പ്രവാഹവുമായി ബഹ്റൈൻ പ്രവാസ ലോകവും. വിയോഗ വാർത്ത അറിഞ്ഞതുമുതൽ നിരവധി പ്രവാസി സംഘടനകളാണ് പത്രക്കുറിപ്പിലൂടെയും മറ്റും അനുശോചനം അറിയിച്ചിരിക്കുന്നത്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിലൂടെ നിലച്ചത് സ്നേഹചുവരുകള്‍ പണിത സമുദായ ശബ്ദമെന്ന് കെഎംസിസി ബഹ്റൈന്‍ അനുസ്മരിച്ചു. കേരള രാഷ്ട്രീയത്തിലെ സൗമ്യ മുഖമാണ് നഷ്ടമായതെന്ന് ഒഐസിസി ബഹ്റൈൻ അഭിപ്രായപ്പെട്ടു.
ബഹ്റൈൻ കേരളീയസമാജം
കേരള രാഷ്ട്രീയ ചരിത്രത്തിൽ വ്യക്തിപരമായ സൂക്ഷ്മത പാലിക്കുകയും സാമൂഹിക ഭദ്രതക്കുവേണ്ടി അവിരാമം പരിശ്രമിക്കുകയും ചെയ്ത ആത്മീയ സ്പർശമുള്ള രാഷ് ട്രീയക്കാരനായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അനുശോചന സന്ദേശത്തിൽ പറഞ്ഞു. വാക്കുകളിൽ പോലും മിതത്വം പാലിച്ച അദ്ദേഹം സാമൂഹികവും സാമുദായികവുമായി ഉന്നതിയിലിരിക്കുമ്പോഴും അശരണർക്കും സാധാരണക്കാർക്കും സമീപസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ ബഹ്റൈൻ കേരളീയസമാജവും പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ബഹ്റൈൻ ഐ.എം.സി.സി
മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ബഹ്റൈൻ ഐ.എം.സി.സി അനുശോചിച്ചു. ആ സൗമ്യ വ്യക്തിത്വത്തിന്റെ വേർപാട് ജനാധിപത്യ സമൂഹത്തിനും സമുദായത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും നേതാക്കളായ ഷംസീർ വടകര, ഇസ്സുദ്ദീൻ പാലത്തിങ്ങൽ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഐ.സി.എഫ് അനുശോചിച്ചു
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ ഐ.സി.എഫ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അധികാര രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലര്‍ത്താതെയും സൗമ്യമായി സമൂഹത്തിന്റെ പ്രശ്നങ്ങളില്‍ ഇടപെട്ടും പരിഹാരം കണ്ടെത്തിയും ജനഹൃദയങ്ങളില്‍ ജീവിച്ച നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് ഐ.സി.എഫ് നേതാക്കളായ കെ.സി. സൈനുദ്ദീന്‍ സഖാഫി, അഡ്വ. എം.സി. അബ്ദുല്‍ കരീം ഹാജി എന്നിവര്‍ വാർത്തക്കുറിപ്പില്‍ അറിയിച്ചു. തങ്ങള്‍ക്ക് വേണ്ടി മയ്യിത്ത് നമസ്കരിക്കാനും മദ്റസകളില്‍ പ്രാർഥന നിര്‍വഹിക്കാനും ഐ.സി.എഫ് നേതാക്കള്‍ അഭ്യർഥിച്ചു.
ഇന്ത്യൻ സോഷ്യൽ ഫോറം
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട് കേരളീയ സമൂഹത്തിന് തീരാനഷ്ടമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് സൈഫ് അഴീക്കോട്, ജനറല്‍ സെക്രട്ടറി വി.കെ. മുഹമ്മദാലി എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരള രാഷ്ട്രീയത്തിന്റെ പണ്ഡിത നേതൃത്വമാണ് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ വേർപാടിൽ വ്യസനിക്കുന്ന ഉറ്റവർ, ബന്ധുക്കൾ, സഹപ്രവർത്തകർ തുടങ്ങി എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചനസന്ദേശത്തിൽ പറഞ്ഞു.
കേരളീയ പൊതുമണ്ഡലത്തിലെ സൗമ്യസാന്നിധ്യമായിരുന്നു ഹൈദരലി തങ്ങൾ: ഫ്രന്റ്സ് അസോസിയേഷൻ
മനാമ: കേരളത്തിലെ മത, രാഷ്ട്രീയ, സാമൂഹിക മണ്ഡലത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു അന്തരിച്ച മുസ്ലിം ലീഗ് അധ്യക്ഷൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വ്യക്തമാക്കി. രാഷ്ട്രീയ മേഖലയിലും ആത്മീയ രംഗത്തും ഒരേ പോലെ കഴിവ് തെളിയിച്ച നേതൃത്വമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയത്തിനതീതനായി എല്ലാവരോടും ഒരുപോലെ സ്നേഹസൗഹാർദം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സംഘടനകൾ തമ്മിലുള്ള ഐക്യത്തിനും സഹവർതിത്തിത്വത്തിനും ഏറെ പ്രാധാന്യം കൽപ്പിക്കുകയും ആ രംഗത്ത് ശ്രദ്ധേയമായ ഒട്ടേറെ ചുവടുവെപ്പുകൾ നടത്തുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ വേർപാട് കേരളീയ സമൂഹത്തിന് വലിയ നഷ്ടമാണ്. മത സൗഹാർദം ഊട്ടിയുറപ്പിക്കാനായി നിലകൊണ്ട വ്യക്തിത്വം എന്ന നിലക്ക് മാത്രമല്ല സാമുദായിക കാലുഷ്യങ്ങളെ സ്നേഹ പൂർണമായ ഇടപെടൽ കൊണ്ട് തടുത്തു നിർത്താനും അദ്ദേഹത്തിന് സാധ്യമായിട്ടുണ്ട്. കേരളത്തിലടക്കം ധാരാളമാളുകളുടെ ആത്മീയ നേതൃസ്ഥാനം അലങ്കരിച്ചിരുന്ന തങ്ങൾ അനേകം മത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അനാഥ – അഗതി മന്ദിരങ്ങളുടെയും സാരഥിയും ആശാകേന്ദ്രവും കൂടിയായിരുന്നു. ഹൈദരലി തങ്ങളുടെ വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രയാസമനുഭവിക്കുന്ന എല്ലാവരുടെയും വേദനയിൽ പങ്കു ചേരുന്നതായും ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
സോഷ്യൽ വെൽഫെയർ അസോസിയേഷൻ
മനാമ: മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം കേരളീയ സമൂഹത്തിന് നികത്താൻ കഴിയാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിൽ സൗമ്യതയോടെ സമൂഹത്തിന് നേതൃത്വം നൽകിയ നേതാവായിരുന്നു അദ്ദേഹം. സമുദായ നേതാവ് എന്നതിനേക്കാൾ രാഷ്ട്രീയ-ആത്മീയ രംഗങ്ങളിൽ കരുത്തുറ്റ നേതൃത്വത്തെയാണ് കേരളീയസമൂഹത്തിന് നഷ്ടമായത്. കേരളീയ നവോത്ഥാന രംഗത്തും വിദ്യാഭ്യാസ രംഗത്തും അനൽപമായ സംഭാവനകളർപ്പിച്ച നേതാവായിരുന്നു അദ്ദേഹം. മുസ്ലിം സമുദായത്തിന്റെ ഐക്യത്തിലും രാഷ്ട്രീയ മുന്നേറ്റങ്ങളിലും വിശാലതയോടുകൂടിയുള്ള നിലപാടുകൾ സ്വീകരിച്ച വ്യക്തിത്വമാണ് അദ്ദേഹമെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
യൂത്ത് ഇന്ത്യ ബഹ്റൈൻ
അനേകം മനുഷ്യരുടെ അത്താണിയായിരുന്ന, എല്ലാ വിഭാഗം ആളുകൾക്കും സമീപിക്കാൻ സാധിച്ചിരുന്ന സൗമ്യനായ മത, രാഷ്ട്രീയ നേതാവിനെയാണ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിലൂടെ സമൂഹത്തിനു നഷ്ടമായതെന്ന് യൂത്ത് ഇന്ത്യ ബഹ്റൈൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കലുഷിതമായ വർത്തമാന കാലത്ത് സാമൂഹിക സൗഹാർദത്തിനും സാമുദായിക ഐക്യത്തിനുംവേണ്ടി നിലകൊണ്ട ഹൈദരലി തങ്ങളെ ചരിത്രം അടയാളപ്പെടുത്തുമെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട് ഇന്ത്യൻ മതേതരത്വത്തിനും മാനവ ഐക്യത്തിനും തീരാനഷ്ടമാണെന്ന് ഐ.ഒ.സി പ്രസിഡന്റ് മുഹമ്മദ് മൻസൂർ, ജനറൽ സെക്രട്ടറി ബഷീർ അമ്പലായി എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ബഹ്റൈൻ ജനത കൾച്ചറൽ സെന്റർ അനുശോചിച്ചു
ആദരീണീയനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ബഹ്റൈൻ ജനത കൾച്ചറൽ സെന്റർ അനുശോചനം അറിയിച്ചു. കരുത്തനായ ഒരു നേതാവിനെയാണ് കേരള സമൂഹത്തിന് നഷ്ടമായിരിക്കുന്നത്. മതസൗഹാർദ്ദം കാത്തു സൂക്ഷിക്കുന്നതിൽ വിട്ടു വീഴ്ചയില്ലാത്ത സൗമ്യനായ നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മതേതര കക്ഷികൾക്ക് തീരാനഷ്ടം -രാജു കല്ലുംപുറം
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം അനുശോചനം രേഖപ്പെടുത്തി.
ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം മതേതര ജനാധിപത്യ ശക്തികൾക്ക് തീരാ നഷ്ടമാണ്. ഐക്യമുന്നണിയിൽ എല്ലാ കക്ഷികളെയും ഒരുമിപ്പിച്ചു കൊണ്ട് പോകാൻ അക്ഷീണ പരിശ്രമം നടത്തിയ നേതാവായിരുന്നു അദ്ദേഹം. മതനേതാവ് എന്ന നിലയിൽ വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കുന്നതോടൊപ്പം മറ്റ് മതങ്ങളുടെ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും പ്രാധാന്യം കൊടുക്കാനും എല്ലാ വിശ്വാസങ്ങളെയും ആദരിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും രാജു കല്ലുംപുറം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
യു.പി.പി
ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാടില്‍ യുനൈറ്റഡ് പേരന്റ്സ് പാനൽ (യു.പി.പി) ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
ന്യൂനപക്ഷക്ഷേമം മുന്‍നിര്‍ത്തി സമൂഹത്തില്‍ സാഹോദര്യത്തിനും മതസൗഹാർദത്തിനുംവേണ്ടി മുന്‍നിരയില്‍നിന്ന് പ്രയത്നിച്ച നേതാവായിരുന്നു അദ്ദേഹമെന്നും യു.പി.പി നേതാക്കളായ എബ്രഹാം ജോണ്‍, അനില്‍ യു.കെ, ബിജു ജോർജ്, മോനി ഒടികണ്ടത്തില്‍, ഹരീഷ് നായര്‍, ദീപക് മേനോന്, ഹാരിസ് പഴയങ്ങാടി, ജ്യോതിഷ് പണിക്കര്‍, എഫ്.എം. ഫൈസല്‍ എന്നിവര്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഒ.എന്‍.സി.പി അനുശോചിച്ചു
ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് പ്രസിഡണ്ടും ഒരു വലിയ വിഭാഗം ജനതയുടെ ആത്മീയ നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ ബഹ്റൈന്‍ ഒ.എന്‍.സി.പി കടുത്ത ദുഖവും അനുശോചനവും അറിയിച്ചു.
ഏത് കലുഷിതമായ അന്തരീക്ഷത്തേയും തികഞ്ഞ ശാന്തതയോടെയും ചെറിയ പുഞ്ചിരിയോടെയും നേരിടുന്ന മനുഷ്യസ്നേഹിയും സ്നേഹ സമ്പന്നനുമായ നേതാവായിരുന്നു അദ്ദേഹമെന്നും കേരള രാഷ്ട്രീയത്തിന് നികത്തിയെടുക്കാനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായതെന്നും ഒ.എന്‍.സി.പി ബഹ്റൈന്‍ ദേശീയ കമ്മറ്റി പ്രസിഡണ്ട്.എഫ്.എം.ഫൈസല്‍ ,സെക്രട്ടറി രെജീഷ് എട്ടുകണ്ടത്തില്‍ ,ട്രഷറര്‍ ഷൈജു കമ്പ്രത്ത് , വൈസ് പ്രസിഡണ്ട് സാജിര്‍ ഇരിവേരി എന്നിവര്‍ സംയുക്തമായിറക്കിയ പത്രകുറിപ്പിലൂടെ അറിയിച്ചു.