മനാമ: ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന സൊല്യൂഷൻസ് നെറ്റ്‌വർക്ക് പ്രസിദ്ധീകരിച്ച വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2022-ൽ അറബ് രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന റാങ്കിംഗ് ബഹ്‌റൈൻ കരസ്ഥമാക്കി. മൊത്തം 146 രാജ്യങ്ങളിൽ 21-ാം സ്ഥാനത്താണ് ബഹ്‌റൈൻ. കൂടാതെ കഴിഞ്ഞ വർഷത്തെക്കാൾ ഒരു സ്ഥാനം മെച്ചപ്പെടുത്തിയിട്ടുമുണ്ട്.
2008-2012 മുതൽ 2019-2021 വരെയുള്ള കാലയളവിൽ ഏറ്റവും വലിയ നേട്ടം കൈവരിച്ച പത്ത് രാജ്യങ്ങളിൽ ഒന്നാണ് രാജ്യമെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു. ആഗോള സൂചകങ്ങൾ അനുസരിച്ച് ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഈ ഫലങ്ങൾ സൂചിപ്പിക്കുന്നത്. 2022 ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട്, രാജ്യത്തെ ജനങ്ങൾ എത്ര സന്തുഷ്ടരാണെന്ന് എന്നതിന്റെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളെ റാങ്ക് ചെയ്യുന്നത്. മൂന്ന് വർഷ കാലയളവിലെ ഗാലപ്പ് വേൾഡ് പോൾ ശരാശരി ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് റാങ്കിംഗ്.