ഏറെ നേരം പ്രവർത്തനം നിലച്ച് ഫേസ്ബുക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം; ക്ഷമകെട്ട് യൂസേഴ്സ്

ലോകവ്യാപകമായി ഫേസ്ബുക്കും വാട്സാപ്പും ഇൻസ്റ്റഗ്രാമും പ്രവർത്തനരഹിതമായതിനെ തുടർന്ന് ക്ഷമകെട്ട് ഉപഭോക്താക്കൾ വലഞ്ഞു. നിരവധി പേരാണ് #FacebookDown #InstagramDown #WhatsappDown ഹാഷ് ടാഗുകളിലൂടെ ട്വിറ്ററിൽ തങ്ങളുടെ രോഷം പ്രകടിപ്പിച്ചത്. ബഹ്‌റൈൻ സമയം 2.40 PM ഓട് കൂടിയാണ് വാട്സാപ്പ് പ്രവർത്തനരഹിതമാവുന്നത്. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അതിനു മുൻപ് തന്നെ ഡൌൺ ആയിരുന്നു. മൂന്ന് സോഷ്യൽ അപ്ലിക്കേഷൻസിൻറെയും സാങ്കേതിക തകരാറാണെന്നു മനസിലാകാതെ, നെറ്റ്‌വർക്ക് വിഷയമാണെന്ന് ധരിച്ചു പലരും പല തവണ വൈഫൈ യും മൊബൈൽ ഡാറ്റയും മാറി മാറി ചെക്ക് ചെയ്യുകയും ഡിവൈസ് റീസ്റ്റാർട് ചെയ്തതായും ട്വിറ്ററിൽ കുറിച്ചു.

ഫേസ്ബുക്കിന്റെ സാങ്കേതിക തകരാർ എന്താണെന്ന് വ്യക്തമല്ല. ആയിരക്കണക്കിന് ആളുകളാണ് downdetector.com ലൂടെ പരാതികൾ അയച്ചത്. ഒരു മാസത്തിനുള്ളിൽ രണ്ടാം തവണയാണ് ഫേസ്ബുക്കും അതിനു കീഴിൽ വരുന്ന ആപ്ലിക്കേഷൻസും ഡൌൺ ആവുന്നത്. കഴിഞ്ഞ മാർച്ച് 14 നു സമാനമായ രീതിയിൽ പ്രശ്നം നേരിട്ടപ്പോൾ സെർവർ മാറ്റത്തിൽ നേരിടുന്ന സാങ്കേതികത മാത്രമാണ്, ഉടൻ പരിഹരിക്കപ്പെടുമെന്ന വിശദീകരണവുമായി ഫേസ്ബുക് ട്വിറ്ററിൽ കുറിച്ചിരുന്നു.