കെസിഎ – മാഗ്നം ഇമ്പ്രിൻറ് സർഗോത്സവത്തിനു വർണ്ണാഭമായ തുടക്കം

മനാമ: കെ. സി. എ – മാഗ്നം ഇമ്പ്രിൻറ് സർഗോത്സവ് 2019 ൻറെ പ്രൗഢ ഗംഭീരമായ ഉദ്‌ഘാടനം 2019 ഏപ്രിൽ 11ന് കെ.സി.എ അങ്കണത്തിൽ വെച്ച് നടന്നു. 350 – ൽ പരം ആളുകൾ പങ്കെടുത്ത ഘോഷയാത്രക്ക് ചെണ്ടമേളം, കാവടിയാട്ടം തുടങ്ങിയവ മാറ്റുകൂട്ടി. തുടർന്ന് സർഗോത്സവ് ഹൗസുകൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.

കെ. സി. എ അംഗങ്ങൾക്ക് വേണ്ടി മാത്രമായുള്ള സർഗോത്സവ് മാമാങ്കത്തിലെ സാഹിത്യം, കലാ – കായിക മത്സരങ്ങൾ ഏപ്രിൽ 28 ന് ആരംഭിക്കും.

കെ. സി. എ – മാഗ്നം ഇമ്പ്രിൻറ് സർഗോത്സവ് 2019 ൻറെ ഉത്‌ഘാടനം മുഖ്യാതിഥിയായ ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രീ പ്രിൻസ് നടരാജൻ നിർവഹിച്ച ചടങ്ങിൽ, ടൈറ്റിൽ സ്പോൺസർ മാഗ്നം ഇമ്പ്രിൻറ് ഡയറക്ടർ ശ്രീ ജഗതീഷ് ശിവൻ, കെ. സി. എ പ്രസിഡന്റ് – സേവി മാത്തുണ്ണി, ജനറൽ സെക്രട്ടറി – വർഗ്ഗീസ് ജോസഫ്, കോർ വർക്കിങ് ഗ്രൂപ്പ് ചെയർമാൻ – വർഗ്ഗീസ് കാരക്കൽ, സുവർണ്ണ ജൂബിലി കമ്മിറ്റി ചെയർമാൻ – ഏബ്രഹാം ജോൺ, സർഗോത്സവ് കൺവീനർ ഷിജു ജോൺ, വൈസ് പ്രസിഡന്റ് നിത്യൻ തോമസ് എന്നിവർ അഭിസംബോധന ചെയ്തു.

നേരത്തെ മുഖ്യാതിഥി, കെ.സി.എ ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ കെ. സി. എ പ്രസിഡന്റ് സാർഗോത്സവ് പതാക ഉയർത്തുകയും തുടർന്ന് സർഗോത്സവ് ഗ്രൂപ്പ് ക്യാപ്റ്റന്മാരായ റെൻജി മാത്യു (റെഡ് ബുൾസ്സ്), കെ.ആർ റിച്ചാർഡ് (ഓറഞ്ച് ഹീറോസ്), തോമസ് ജോൺ (ബ്ലൂ ബോക്സേഴ്സ്), അനിൽ ഐസക്ക് (ഗ്രീൻ ആർമി) എന്നിവർ ചീഫ് ഗസ്റ്റിനെ സല്യൂട്ട് ചെയ്തു ബഹുമാനിക്കുകയും, ഹൗസ് പതാകകൾ ഉയർത്തുകയും ചെയ്തു. അതിനുശേഷം പ്രസിഡന്റ് സർഗോത്സവ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും അംഗങ്ങൾ ഏറ്റുചൊല്ലുകയും ചെയ്തു.