മനാമ: 1962 മുതൽ ലോകമെങ്ങും നടത്തപ്പെടുന്ന ലോക നാടക ദിനാചരണത്തിൽ ബഹ്‌റൈൻ പ്രതിഭ നാടകവേദിയും പ്രതിഭ കളിമുറ്റത്ത് തെരുവു നാടകം അവതരിപ്പിച്ചു കൊണ്ട് പങ്കാളികളായി. ബഹ്റൈനിൽ അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ അനീഷ് നിർമ്മലൻ നാടകദിന പരിപാടി ഉത്ഘാടനം ചെയ്തു. ഈ നാടകദിനത്തിൽ ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടുക സഫ്ദർ ഹശ്മി എന്ന നാടകകലാകാരനെയും ജന നാട്യ മഞ്ച് എന്ന അദ്ദേഹത്തിന്റെ നാടക കൂട്ടായ്മയെയും ആയിരിക്കുമെന്ന് അനീഷ് നിർമ്മലൻ പ്രസ്താവിച്ചു.
സമൂഹം വികസിച്ചു കാണാൻ നാടകം എന്ന മാധ്യമത്തിലൂടെ അദ്ദേഹം നടത്തിയ പ്രയത്നവും ആത്മാർപ്പണവും അന്യാദൃശമാണ്. സഫ്ദർ പടപൊരുതിയ ആ ഇരുട്ടിന്റെ രൂപങ്ങൾ പൂർവാധികം ശക്തിയോടെ ഇന്നും സമൂഹത്തെ കടന്നാക്രമിക്കുകയാണ്. ഇതിനെതിരെയുള്ള പോരാട്ടം നാം തുടരേണ്ടതുണ്ട്.
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി തുടങ്ങി നിരവധിയായ കെ.പി.എ.സി നാടകങ്ങൾ, കേരളത്തിൽ നടമാടിയ സംസ്ക്കാരികവും രാഷ്ട്രീയവുമായ ഇരുട്ടിനെ അകറ്റി, സമൂഹത്തിനെ വിമോചിപ്പിക്കാൻ ഇന്നലെകളിൽ കഴിഞ്ഞിട്ടുണ്ട്. ഇന്നും നാം അത് തുടരണം. ഓർമ്മയുള്ള സമൂഹമായി നാളെയും നമ്മളത് ഏറ്റെടുക്കണം. പ്രതിഭയെപോലുള്ള സംഘടനക്ക് മാത്രമെ പ്രവാസത്തിലും നാട്ടിലും അന്ധകാരത്തിനെതിരെയുള്ള സംസ്കാരിക പടനയിക്കാൻ കഴിയൂ എന്ന് അദ്ദേഹം തന്റെ ഉത്ഘാടന പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ചു.
തുടർന്ന് വിഷ്ണു നാടക ഗ്രാമം രചനയും സംവിധാനവും നിർവ്വഹിച്ച്, പ്രതിഭ നാടകവേദിക്ക് വേണ്ടി മുഹറഖ് മേഖല കമ്മിറ്റി അണിയിച്ചൊരുക്കിയ, “ഇനിയും ചിലത് പറയാനുണ്ട്” എന്ന തെരുവുനാടകം അരങ്ങേറി. സമകാലീക കേരളത്തിന്റെ നേർസാക്ഷ്യമായ നാടകം കാണികളെ ഹഠാതാകർഷിച്ചു. ഷാനവാസ്, ദുർഗ്ഗ കാശിനാഥൻ, ധന്യ ശ്രീലാൽ, ദിപിൻ ദാസ്, സന്തോഷ് രാഘവൻ, ജിജോ, സജീവൻ കെ കെ, അനിൽ കെ പി എന്നിവർ അഭിനയിച്ച നാടകത്തിൽ വിഷ്ണു നാടകഗ്രാമം (രചന-സംവിധാനം), ഹരീഷ് മേനോൻ (സംഗീതം), പ്രജിൽ മാണിയൂർ (സാങ്കേതിക സഹായം), ബോബി കുമ്പളാംപൊയിക & ബിജു കെ പി (പാടിയത്) എന്നിവർ പിന്നണിയിലും പ്രവർത്തിച്ചു.
നാടകദിന പരിപാടിക്ക് പ്രതിഭ നാടകവേദി ജോയന്റ് കൺവീനർ മനാഫ് സ്വാഗതം പറഞ്ഞു. പ്രതിഭ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ അദ്ധ്യക്ഷനായിരുന്നു. പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്, പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി എന്നിവർ ആശംസ നേർന്നു.