മനാമ: റമദാന്‍ വ്രതാനുഷ്ടാന നാളുകളില്‍ ബഹ്റൈനിലെ വിവിധ ഇഫ്ത്താര്‍ സംഗമങ്ങളിലും കുടുംബങ്ങളിലും ഭക്ഷണം അറേഞ്ച് ചെയ്യുമ്പോൾ, വളരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന കുറച്ച് തൊഴിലാളി സഹോദരങ്ങൾക്ക് കൂടി ഭക്ഷണമെത്തിക്കാൻ സാധിക്കുമെങ്കിൽ നിങ്ങളെ സഹായിക്കാൻ ഹോപ്പിന്റെ പ്രവർത്തകർ തയ്യാറാണ്. അധികമെന്ന് തോന്നിയാൽ, ഉപയോഗിക്കാൻ കഴിയുന്ന ഭക്ഷണം ശേഖരിച്ച് അര്‍ഹരായ ആളുകള്‍ക്ക് എത്തിക്കാനും ഹോപ്പ് അംഗങ്ങൾ സന്നദ്ധരാണ്.
‘ഹോപ്പ് ബഹ്‌റൈൻ’ രൂപീകൃതമായപ്പോൾ മുതൽ തുടർന്നു വരുന്ന ‘സുഹൃത്തിന് ഒരു ഭക്ഷണം’ എന്ന ആശയത്തിലൂന്നി, മുൻവർഷങ്ങളിലും റമദാൻ നാളുകളിൽ, ഈ കൂട്ടായ്മ ഇത്തരം സേവന പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായുള്ള ഈ പ്രവർത്തനത്തിലൂടെ, ഇഫ്‌താർ സംഗമങ്ങളിലെ ആർഭാടങ്ങൾക്കിടയിൽ, തുശ്ചമായ വേതനം ലഭിക്കുന്നവരെക്കൂടി ഓർക്കുവാനും, ‘ഭക്ഷണം പാഴാക്കരുത്’ എന്ന സന്ദേശം നൽകുവാനുമാണ് ശ്രമിക്കുന്നതെന്ന് ഹോപ്പിന്റെ ഭാരവാഹികൾ അറിയിച്ചു.
വൈകിയുള്ള അറിയിപ്പുകൾ അനുസരിച്ച്, ഭക്ഷണം എത്തിക്കുമ്പോഴേയ്ക്കും പാഴാകുമെന്നതിനാൽ രാത്രി 8.30 ന് മുമ്പായി അറിയിക്കാൻ ശ്രമിക്കുക. ഹോപ്പിന്റെ ഈ സേവനങ്ങൾക്ക് 3650 5645 (പ്രിന്റു), 6671 7731 (വിഷ്‌ണു) 3672 6552 (ജാക്‌സ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.