മനാമ: നാട്ടിലേക്ക് പണം അയക്കുന്നതിനും കറൻസി വിനിമയത്തിനും ലുലു എക്സ്ചേഞ്ചും ബെനിഫിറ്റ് പേയും കൈകോർക്കുന്നു. ലുലു എക്സ്ചേഞ്ചിന്റെ ബഹ്റൈനിലെ 16 ശാഖകൾ വഴി ബെനിഫിറ്റ് പേ അക്കൗണ്ട് ഉപയോഗിച്ച് പണമയക്കാനുള്ള സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ബ്രാഞ്ചിലെ കൗണ്ടറിൽ സ്ഥാപിച്ചിട്ടുള്ള ക്യൂ.ആർ കോഡ് സ്കാൻ ചെയ്താൽ ബെനിഫിറ്റ് പേ അക്കൗണ്ട് വഴി ഇടപാട് നടത്താം. ബ്രാഞ്ചിലെ ടെല്ലറുടെ സാന്നിധ്യത്തിൽ ഇടപാട് നടത്തുന്നതിനാൽ സുരക്ഷിതമായി പണമയക്കാൻ സാധിക്കും. ബഹ്റൈനിന്റെ ഡിജിറ്റൽവത്കരണത്തിന് പിന്തുണ നൽകുന്നതാണ് പുതിയ സംവിധാനമെന്ന് ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.
അഞ്ച് ലക്ഷത്തോളം ഉപയോക്താക്കളാണ് ബഹ്റൈനിൽ ബെനിഫിറ്റ് പേയ്ക്കുള്ളത്. കാഷ്ലെസ് ഇടപാടുകൾ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രയോജനകരമാണ് ഈ സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലുലു എക്സ്ചേഞ്ചുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ബെനിഫിറ്റ് പേ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടിവ് യൂസഫ് അൽ നെഫായി പറഞ്ഞു.,