അബുദാബി: ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എംഡി അദീബ് അഹമ്മദിനെ യു.എ.ഇ ഇന്റർനാഷനൽ ഇൻവെസ്റ്റേഴ്സ് കൗൺസിൽ (ഐഐസി) ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുത്തു. വിദേശ നിക്ഷേപകർക്കുള്ള എമിറേറ്റ്സ് ഡയറക്ടർ ബോർഡിലേക്ക് സ്വതന്ത്ര അംഗമായാണ് തെരഞ്ഞെടുത്തത്.
നിക്ഷേപകരും സർക്കാരും തമ്മിലുള്ള കണ്ണിയായി നിലകൊള്ളുന്ന ഐഐസി, ധനമന്ത്രാലയത്തിനു കീഴിലാണു പ്രവർത്തിക്കുന്നത്. യുഎഇ സാമ്പത്തിക വികസന രംഗങ്ങളിൽ കൂടുതൽ സജീവമായി പ്രവർത്തിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനിക്കുന്നതായി അദീബ് അഹമ്മദ് പറഞ്ഞു. അൽമരിയ കമ്യൂണിറ്റി ബാങ്ക് യു.എ.ഇ, വേൾഡ് ഇക്കണോമിക് ഫോറം റീജനൽ സ്ട്രാറ്റജി ഗ്രൂപ്, ലൂസനിലെ വേൾഡ് ടൂറിസം ഫോറം എന്നിവയുടെ ഉപദേശക സമിതിയിലും അദീബ് അംഗമാണ്.
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള ധനകാര്യ സേവന സംരംഭമായ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ ഭാഗമായ ലുലു എക്സ്ചേഞ്ചും ലുലു മണി ആപ്പും ഇദ്ദേഹത്തിന്റെ സംരംഭങ്ങളാണ്. ഒമാൻ, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾക്ക് പുറമേ ഇന്ത്യ, ബംഗ്ലാദേശ്, സിംഗപ്പൂർ, ഹോങ്കോംഗ്, മലേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലായി ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചിന്റെ 246 ലധികം ശാഖകൾ പ്രവർത്തിക്കുന്നുണ്ട്.