മനാമ: രണ്ടു വർഷത്തിലധികമുള്ള മഹാമാരിക്കാലത്തെ അടച്ചിരിപ്പിന്റെ കൂട് പൊളിച്ച് അത്യുത്സാഹത്തോടെ പാട്ടും കളികളും ചർച്ചകളുമൊക്കെയായി പ്രതിഭ ബാലവേദി കൂട്ടുകാർ പ്രതിഭ ഹാളിൽ ഒത്തുകൂടി. ബാലവേദി കൺവീനർ ജസില വിജേഷ് സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രതിഭ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ: ജോയ് വെട്ടിയാടൻ എന്നിവർ ആശംസകൾ നേർന്നു. പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗം അനഘ രാജീവൻ നിയന്ത്രിച്ച കുട്ടികളുടെ പരിപാടികളുടെ എകോപനം പ്രജിൽ, ശ്രീജ എന്നിവർ നിർവ്വഹിച്ചു.
ബാലവേദിയുടെ 2022 – 23 വർഷ പ്രവർത്തന കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളായി സെക്രട്ടറി തീർത്ഥ സതീഷ് പ്രസിഡന്റ് അഥീന പ്രദീപ് , ഇഷാൻ, വൈഗ ജോയിൻ സെക്രട്ടറിമാർ, വേദ, ശങ്കരൻ വൈസ് പ്രസിഡന്റുമാർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ശാസ്ത്ര ബോധമുള്ള വിശ്വപൗരരാവുക, സാമൂഹിക സാംസ്ക്കാരിക ഇടങ്ങളിൽ ക്രിയാത്മകമായ ചിന്തകളും പ്രവർത്തനങ്ങളും വളർത്തി കൊണ്ടു വരിക, മികച്ച സംഘാടകരായി സ്വയം പാകപ്പെട്ട് നാളെയുടെ നന്മയുള്ള വ്യക്തിത്വങ്ങളായി മാറുക എന്നിങ്ങനെയുള്ള ദൃഢ നിശ്ചയത്തോടെയാണ് കൺവെൻഷൻ അവസാനിച്ചത്.