‘അഷിത; എഴുത്തും ജീവിതവും’ – എസ്തെറ്റിക് ഡെസ്ക് അനുസ്മരണ പ്രഭാഷണം ഇന്ന്(ബുധൻ) കെസിഎ ഹാളിൽ

മനാമ: എസ്തെറ്റിക്ക് ഡെസ്‌ക്കിന്റെ ആഭിമുഖ്യത്തിൽ അന്തരിച്ച മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരി അഷിതയുടെ ജീവിതവും എഴുത്തും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കുന്നു.

മലയാള ചെറുകഥയിൽ  ഭാഷയുടെ ആന്തരീക ഭാരം കൊണ്ടും ഭാവനയുടെ  ആത്മീയഭാവം കൊണ്ടും ശ്രദ്ധേയയായ ചെറുകഥാകൃത്തായിരുന്നു അഷിത. മാധവിക്കുട്ടിക്ക് ശേഷം മനോഹരവും ശക്തവുമായി സ്ത്രീ ജീവിതത്തെ സവിശേഷമായി അടയാളപ്പെടുത്തിയതിൽ അഷിതയുടെ നാമം ചിരസ്മരണീയമാണ്.

ഭാഷയിലെ ആത്മീയതയും ജീവിതത്തിന്റെ പൊള്ളലുകളും ഒരേസമയം എഴുത്തിന്റെ അടയാളങ്ങളായി നിലകൊണ്ടു. ഗുരുനിത്യചൈതന്യ യതിയുടെ ശിഷ്യയായിരുന്ന അഷിത മലയാളത്തിലേക്ക് നടത്തിയിട്ടുള്ള പരിഭാഷകൾ അവരുടെ എഴുത്തിന്റെയും ജീവിതത്തിൽ പുലർത്തിപ്പോന്ന ധ്യാനാത്മകതയുടെയും മറ്റൊരു ഭാഷയായി മാറുന്നുണ്ട്.

ജമാലുദ്ധീൻ റൂമിയുടെയും അലക്സാണ്ടർ പുഷ്കിന്റെയും കവിതകളും നിരവധി ഹൈക്കു കവിതകളുമടക്കം മലയാളത്തിലേക്ക് മനോഹരമായി ഭാഷാന്തരം ചെയ്തു.

17ബുധനാഴ്ച രാത്രി  7.30 ന് സഗയ്യ കെ.സി.എ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും നാട്ടിൽ നിന്നെത്തിയ കോളേജ് അദ്ധ്യാപികയും സാഹിത്യ പ്രവർത്തകയുമായ സംഗീത ജയയാണ്  മുഖ്യ പ്രഭാഷകയെന്നും എസ്തെറ്റിക്ക് ഭാരവാഹികൾ അറിയിച്ചു.