bahrainvartha-official-logo
Search
Close this search box.

സുധീഷ് രാഘവന്റെ ‘തമോദ്വാരം’ നോവൽ പ്രകാശനം ചെയ്തു

IMG-20220418-WA0215

മനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം സുധീഷ് രാഘവന്റെ ‘തമോദ്വാരം’ എന്ന നോവലിന്റെ പ്രകാശനം സംഘടിപ്പിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര സ്വാഗതവും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അദ്ധ്യക്ഷ പ്രസംഗവും നടത്തി. ‘തമോദ്വാരത്തിന്റെ’ വായന ഭൂതകാലത്തിലേക്കുള്ള യാത്രാപേടകമായി മാറിയെന്നും, ഭൂതകാലത്തെ പല തരത്തിൽ ഓർമ്മപ്പെടുത്തുന്ന സർഗ്ഗാത്മക സൃഷ്ടിയാണെന്നും പി.വി.രാധാകൃഷ്ണ പിള്ള അഭിപ്രായപ്പെട്ടു.

തുടർന്ന് പുസ്തകത്തെ പരിചയപ്പെടുത്തി ഇ എ സലീം സംസാരിച്ചു. കേശവദേവും തകഴി ശിവശങ്കര പിള്ളയും ആലപ്പുഴയിലെ കയർ തൊഴിലാളികളുടെയും കർഷക തൊഴിലാളികളുടെയും ജീവിത പരിസരവും അവരുടെ സമര മുന്നേറ്റങ്ങളും ഏറ്റവും മികവോടെ പറഞ്ഞപ്പോൾ 1930 – 40 കാലഘട്ടങ്ങളിലെ സംഘർഷഭരിതമായ സമരമുന്നേറ്റങ്ങളും 50 ളിലെ പ്രത്യാശഭരിതമായ രാഷ്ട്രീയ കാലാവസ്ഥയുമെല്ലാം വായനക്കാരിൽ ഉണ്ടാക്കിയ ആവേശവും പ്രത്യാശയും ഇന്ന്‌ അക്കാലത്തേക്ക് തിരിഞ്ഞു നോക്കി എഴുതിയ സുധീശ് രാഘവന്റെ ‘തമോദ്വാരം’ എന്ന നോവലിൽ കാണുന്നില്ലെന്നും മറിച്ച് ജാതി ശ്രേണിയിലെ ഏറ്റവും താഴെ തട്ടിലുള്ള അടിയാള വിഭാഗത്തിന്റെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ അന്നത്തെ സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പരാജയപ്പെട്ടു എന്ന പുതിയ വായനയാണ് മുന്നോട്ട് വെക്കുന്നതെന്നും ഇ എ സലിം പറഞ്ഞു. ഒരു അംബേദ്‌കറിസ്ററ് കാഴ്ചപ്പാടിൽ നിന്ന് എഴുതപ്പെട്ട ഈ നോവൽ തീർച്ചയായും ഇനിയങ്ങോട്ട് ചർച്ച ചെയ്യപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പല തരം മാർക്കറ്റിങ് തന്ത്രങ്ങളിലൂടെ വലിയ തോതിൽ ഹൈപ്പ് സൃഷ്ടിച്ചു വായനക്കാരിൽ എത്തുന്ന പല പുസ്തകങ്ങളും നിരാശപെടുത്തുന്ന ഇക്കാലത്ത് താമോദ്വാരം ഒരാശ്വാസമാണെന്നും ഇതേ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഡോക്ടർ മോഹൻ കുമാറിന്റെ ഉഷണരാശി ക്ക്‌ ശേഷം വായിക്കുന്ന മികച്ച നോവലാണിതെന്നും ആശംസകളർപ്പിച്ചു സംസാരിച്ച എൻ പി ബഷീർ പറഞ്ഞു. അധസ്ഥിത ജനവിഭാഗങ്ങളുടെ ശബ്ദമായി മാറുന്ന നോവൽ ഭൂതകാലത്തിലേക്കുള്ള ഒരു റഫറൻസ് കൂടെയാണെന്ന് ഷബിനി വാസുദേവ് അഭിപ്രായപ്പെട്ടു.

തുടർന്ന് സജി മാർക്കോസ്, ജയചന്ദ്രൻ എന്നിവരും ആശംസയർപ്പിച്ചു സംസാരിച്ചു. നോവലിസ്റ്റ് സുധീഷ് രാഘവൻ മറുപടി പ്രസംഗം നടത്തി. അനഘ രാജീവൻ നന്ദി രേഖപ്പെടുത്തിയ ചടങ്ങിൽ വിജിന സന്തോഷ് പരിപാടികൾ നിയന്ത്രിച്ചു. മനോജ് സദ്ഗമയ ,വിനോദ് ജോൺ എന്നിവർ ഏകോപനം നിർവ്വഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!