മനാമ: റമദാൻ മാസം തീരുന്നത് വരെ എല്ലാ ദിവസവും കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ രക്തദാനം നടത്തുകയാണ് ബഹ്‌റൈൻ പ്രതിഭ പ്രവർത്തകർ. ആശുപത്രി അധികൃതർ രക്തബാങ്കിലേക്ക് രക്തത്തിന് ആവശ്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് രക്തദാനം നടത്താൻ തയ്യാറായി പ്രതിഭ പ്രവർത്തകർ മുന്നോട്ട് വന്നത്. ഓരോ ദിവസവും ഓരോ മേഖലകമ്മറ്റിക്ക് കീഴിലുള്ള യൂണിറ്റ് കമ്മറ്റികളിലെ പ്രവർത്തകരാണ് രക്തദാനം നടത്തുന്നത്. പ്രതിഭ ഹെല്പ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ, മേഖല ഭാരവാഹികൾ, കേന്ദ്ര കമ്മറ്റി സെക്രെട്ടറിയും പ്രെസിഡന്റും ഉൾപ്പെടെയുള്ള ഭാരവാഹികൾ ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു.
ബഹ്‌റൈൻ പ്രതിഭയുടെ സാമൂഹ്യ ഉത്തരവാദിത്തത്തോടൊപ്പം, റമദാൻ മാസത്തിൽ ഇത്തരം സേവനങ്ങൾ നടത്തുന്നതിലൂടെ രക്തബാങ്കിലേക്ക് ബഹ്‌റൈൻ പ്രതിഭയുടെ സ്നേഹവും സമർപ്പണവുമാണ് പോറ്റമ്മയായ ബഹ്റിന് വേണ്ടി ദാനം ചെയ്യുന്നതെന്ന് ജനറൽ സെക്രട്ടറി പ്രദീപ് പതേരി പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ എന്നിവർ പത്രക്കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. ഈ മാരത്തോൺ രക്തദാനം നടത്തുവാൻ പ്രതിഭയുമായി സഹകരിച്ചു വരുന്ന കിംഗ് ഹമദ് ആശുപത്രിയിലെ ഉദ്യോഗസ്ഥരോടുള്ള നന്ദിയും കടപ്പാടും ഭാരവാഹികൾ രേഖപ്പെടുത്തി.