അബുദാബി: ന്യൂസീലന്‍ഡില്‍ ഭീകരാക്രമണമുണ്ടായ പള്ളികളിലെ ഇമാമുമാര്‍ അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനെ സന്ദര്‍ശിച്ചു. നൂര്‍ മസ്ജിദ് ഇമാം ശൈഖ് ജമാല്‍ ഫൗദ, ലിന്‍വുഡ് മസ്ജിദ് ഇമാം ശൈഖ് അലാബി ലത്തീഫ് സിറുള്ള എന്നിവരാണ് കിരീടാവകാശിയുടെ ക്ഷണം സ്വീകരിച്ച് അബുദാബിയിലെത്തിയത്.
ഭീകരാക്രമണത്തിന് ശേഷം ന്യൂസിലന്റിലെ ജനങ്ങള്‍ നല്‍കിയ പിന്തുണയെ ശൈഖ് മുഹമ്മദ് എടുത്തുപറഞ്ഞ് പ്രശംസിച്ചു. ആക്രമണത്തിന് ശേഷം വെള്ളിയാഴ്ച പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടെ പങ്കെടുത്ത് ജനങ്ങളോട് സംസാരിച്ച ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പ്രതിസന്ധി ഘട്ടത്തെ നേരിട്ട രീതിയെയും അദ്ദേഹം പ്രശംസിച്ചു. യുഎഇയിലെ ന്യൂസീലന്‍ഡ് സ്ഥാനപതി മാത്യു ഹോക്കിങ്സിനൊപ്പമാണ് ഇമാമുമാര്‍ സീ പാലസിലെത്തിയത്. ദുരന്തസമയത്ത് ഒപ്പം നിന്നതിന് ഇമാമുമാര്‍ യുഎഇക്ക് നന്ദി അറിയിച്ചു