bahrainvartha-official-logo
Search
Close this search box.

മനുഷ്യരെ തമ്മിൽ ഒന്നിപ്പിക്കുന്ന പൊതു പ്ലാറ്റ്ഫോമുകൾ രൂപപ്പെടണം: ഡോ. ഹുസൈൻ മടവൂർ

WhatsApp Image 2022-05-09 at 11.26.58 AM

മനാമ: മനുഷ്യമനസ്സുകളിൽ വിദ്വേഷത്തിൻ്റെയും ഭിന്നിപ്പിൻ്റെയും കലഹത്തിൻ്റെയും വിത്തുകൾ പാകി മുതലെടുക്കുന്നവരെ കരുതിയിരിക്കണമെന്നും അത്തരം വിദ്വേഷ ശക്തികൾക്കെതിരെ മതസാമൂഹിക കൂട്ടായ്മകളുടെ പൊതു പ്ലാറ്റ്ഫോമുകൾ ഉയർന്നുവരണമെന്നും ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഹ്രസ്വ സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തിയ ഡോ. ഹുസൈൻ മടവൂരിന് വ്യത്യസ്ത മത സാമൂഹിക കൂട്ടായ്മകൾ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങൾ ഒരു സത്യമാണ്. വിയോജിപ്പുകൾ നിലനിർത്തി കൊണ്ട് തന്നെ മനുഷ്യനാവുക എന്നത് എങ്ങനെ സാധിക്കും എന്നാണ് മതനേതാക്കൾ ആലോചിക്കേണ്ടത്. അവനവന്റെ മത ഗ്രന്ഥങ്ങൾ അവയുടെ സ്രോതസ്സിൽ നിന്ന് സ്വീകരിച്ചാൽ തന്നെ കാലുഷ്യങ്ങൾ ഇല്ലാതാകും. വ്യത്യസ്ത കാഴ്ചപ്പാടുകളും ജീവിതരീതികളും ഉള്ള ആളുകളോടൊപ്പം ജീവിക്കുന്നതിലൂടെയും മനുഷ്യർ തമ്മിലുള്ള സഹവർത്തിത്വം സാധ്യമാകും. അടിസ്ഥാനപരമായി മതങ്ങൾ ഉൽഘോഷിക്കുന്നത് മനുഷ്യസ്നേഹവും സമാധാനവുമാണ്. മതത്തിന്റെ പേരിൽ വിദ്വേഷം പ്രചരിപ്പിക്കുന്നവർ യാഥാർത്‌ഥത്തിൽ മതത്തിലെ ഇത്തിൾക്കണ്ണികളാണ് എന്ന് കേരളത്തിലെ വ്യത്യസ്ത്ഥ മതവിഭാഗങ്ങളുടെ നേതൃത്ത്വവുമായ് സംസാരിച്ചതിന്റെ അനുഭവങ്ങൾ നിരത്തി അദ്ദേഹം പറഞ്ഞു. പ്രളയ കാലത്തും കൊറോണ കാലഘട്ടത്തിലും ഉണ്ടായ ഐക്യപെടലുകൾ ദുരന്തകാലത്തല്ലാത്തപ്പോഴും ഉണ്ടാകണം. സോഷ്യൽ മീഡിയകളിലൂടെ ഭിന്നിപ്പുണ്ടാക്കുന്നവരെയും കരുതിയിരിക്കണം. ഇന്ന് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നത്തിൽ സോഷ്യൽ മീഡിയക്കും അതിലെ ആളുകൾക്കും നല്ല പങ്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

മാനവ ജനത മൂല്യങ്ങളെ മറന്നു കൊണ്ടിരിക്കുന്ന കാലമാണ്. വേഷ ഭാഷകൾക്കപ്പുറം എല്ലാവരും അന്വേഷിക്കുന്നത് ദൈവത്തെയാണ് എന്ന് സൗഹൃദ സംഗമത്തിന് ആശംസകളർപ്പിച്ച് സംസാരിച്ച ഇൻറർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്കോൺ) പ്രതിനിധി സ്വാമി വംശിധാരി മോഹന ദാസ് പറഞ്ഞു.

ദൈനംദിനം കേൾക്കുന്ന വാർത്തകൾ മനുഷ്യമനസ്സുകളിൽ ഭയം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കാലത്ത് വ്യത്യസ്ത ആശയാദർശങ്ങൾ ഉൾക്കൊള്ളുന്നവർ ഒരുമിച്ചിരിക്കുന്നത് സന്തോഷകരമാണ് എന്നും അതിനാൽ തന്നെ ഇത്തരം ഒരു കൂട്ടായ്മയ്ക്ക് എല്ലാവിധ പിന്തുണയും നൽകുന്നു എന്ന് ക്നാനായ സഭാംഗവും കേരള ക്രിസ്ത്യൻ എക്കുമെനിക്കൽ കൗൺസിൽ പ്രസിഡന്റും CSI മലയാളി പാരീഷ് വികാരിയുമായ റവ. ഫാ. ദിലീപ് ഡേവിസൻ പറഞ്ഞു.

വിവിധ ആശയാദർശങ്ങളിൽ വിശ്വസിക്കുന്നവർ പ്രവാസ ലോകത്ത് ഒത്തൊരുമയോടെ ജീവിക്കുന്നത് പോലെ നാട്ടിലും ജീവിച്ചാൽ തീരുന്ന പ്രശ്നങ്ങളെ നാട്ടിൽ ഉള്ളൂവെന്ന് തുടർന്ന് സംസാരിച്ച ഗുരുദേവ സോഷ്യൽ സോസൈറ്റി പ്രസിഡൻ്റ് ചന്ദ്രബോസ് പറഞ്ഞു. ഒരു മേശക്ക് ചുറ്റുമിരുന്ന് ചർച്ച ചെയ്താൽ തീരാത്ത പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

എവിടെയാണോ ഓരോ പൂമൊട്ടും അതിന്റെ യഥാർത്ത നിറത്തിലും സൗന്ദര്യത്തിലും വിടരുന്നത് അവിടെയാണ് ഐക്യവും ഒത്തൊരുമയും പ്രഘോഷിക്കപ്പെടുന്നത് എന്ന് സി.എസ്.ഐ മലയാളി സൗത്ത് കേരള പള്ളി വികാരി റവ. ഫാദർ ഷാബു ലോറൻസ് പറഞ്ഞു. രാജ്യത്ത് ഉയർന്ന് വരുന്ന ജീർണതകൾക്ക് ബദലായി ഇത്തരം കൂട്ടായ്മകൾ വളർന്നു വരണം എന്നും അദ്ദേഹം ആശംസിച്ചു.

സന്തോഷവും സംതൃപ്തിയും നൽകുന്നതാണ് ഇത്തരം കൂട്ടായ്മകൾ എന്നതിനാൽ ഇത്തരം സൗഹൃദ വേദികൾക്ക് എല്ലാ പിന്തുണയും നൽകുന്നതായി കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ (എൻ. എസ്. എസ്) പ്രസിഡൻറ് സന്തോഷ് പറഞ്ഞു.

മനുഷ്യനെ തിരിച്ചറിയുന്ന വേളകളാണ് ഇത്തരം കൂട്ടായ്‌മകൾ. സമൂഹത്തിൽ തീവ്ര ഭാവങ്ങൾ ഉണ്ടാകുമ്പോൾ ശമിപ്പിക്കുന്നതിന് ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കും എന്ന് തുടർന്ന് സംസാരിച്ച സെൻറ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാദർ ബിജു ഫിലിപ്പോസ് പറഞ്ഞു.

മനുഷ്യ മനസുകളിൽ വെറുപ്പും ഭയവും വളർത്തുന്ന സമകാലിക ലോകത്ത് ഇങ്ങനെ ഒരുമിച്ചിരിക്കുന്നത് വളരെ വലിയ കാര്യമാണ് എന്നും അതിനാൽ തന്നെ ഇത്തരം ഒരു കൂട്ടായ്മയ്ക്ക് എല്ലാവിധ പിന്തുണയും നൽകുന്നു എന്നും ക്നാനായ സഭാ പള്ളി വികാരി റവ. ഫാദർ നോബിൾ തോമസ് പറഞ്ഞു. കൃത്രിമമായ മതിൽക്കെട്ടുകൾ പൊളിച്ചു മനുഷ്യർ തമ്മിൽ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും കൂട്ടായ്മ വളരണം എന്ന് അദ്ദേഹം ആശംസിച്ചു.

സ്വാമി അന്തരംഗ ചൈതന്യ ദാസ്, കുട്ടൂസ മുണ്ടേരി, സൈഫുല്ല ഖാസിം എന്നിവരും ആശംസകളർപ്പിച്ച് സംസാരിച്ചു. എസ്. വി. ജലീൽ അധ്യക്ഷനായിരുന്ന സൗഹൃദ സംഗമത്തിന് ജമാൽ നദ് വി ഇരിങ്ങൽ സ്വാഗതവും അബ്ദുൽ വാഹിദ് നന്ദിയും പറഞ്ഞു. വിവിധ സംഘടനാ പ്രതിനിധികളെ പ്രതിനിധീകരിച്ചു അഷ്‌റഫ്‌ കാട്ടിൽപ്പീടിക, അബ്ദുൽ വാഹിദ് (സമസ്ത), മുസ്തഫ കെ. പി (കെ. എം. സി. സി ), സുബൈർ എം. എം, ബദറുദ്ധീൻ (ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ), സുഹൈൽ മേലടി, മൂസ സുല്ലമി (അൽ ഫുർഖാൻ സെന്റർ ), റിസാലുദ്ധീൻ പുന്നോൽ, ടി. പി. അബ്ദുൽ അസീസ് (അൽ ഹിദായ സെന്റർ, വിസ്ഡം ), ഹംസ മേപ്പാടി, നൂറുദ്ധീൻ ഷാഫി, സിറാജ് (ഇസ്‌ലാഹി സെന്റർ) തുടങ്ങിയവരും സംബന്ധിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!