ബഹ്‌റൈന്‍ ഐ.സി.എഫിന് കീഴിലുള്ള മദ്രസകളുടെ പ്രവേശനോത്സവം ഇന്ന്

മനാമ: ബഹ്‌റൈന്‍ ഐ.സി.എഫിന് കീഴില്‍ രാജ്യത്തെ പന്ത്രണ്ടു കേന്ദ്രങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്ന മജ്മഉത്തഅ്‌ലീമില്‍ ഖുര്‍ആന്‍ മദ്രസകള്‍ റമളാന്‍ അവധിക്ക് ശേഷം ഇന്ന് തുറക്കും. വിപുലമായ പ്രവേശനോത്സവത്തോടെയാണ് മദ്രസകള്‍ ആരംഭിക്കുന്നത്. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ എല്‍.കെ.ജി മുതല്‍ പ്ലസ്ടു വരെയുള്ള മദ്രസകളാണ് ബഹ്‌റൈനില്‍ നടക്കുന്നത്.

നൂതന പാഠ്യ പദ്ധതികളോടൊപ്പം കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് പ്രാധാന്യം നല്‍കിയുള്ള പാഠ്യേതര വിഷയങ്ങളും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് മികച്ച രീതിയില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ക്ലാസുകള്‍ നല്‍കാനും ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി പരീക്ഷകള്‍ നടത്താനും മജ്മഉതഅ്‌ലീമില്‍ ഖുര്‍ആന്‍ മദ്രസാ മനേജ്‌മെന്റിന് സാധിച്ചു. പുതിയ അദ്ധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് മുഴുവന്‍ മദ്രസകളിലുമായി നടക്കുന്ന പ്രവേശനോത്സവത്തിന് സാമൂഹിക സാംസ്‌കാരിക നേതാക്കളും ഐ.സി.എഫ് ഭാരവാഹികളും രക്ഷിതാക്കളും സംബന്ധിക്കും. അഡ്മിഷനും മറ്റു വിവരങ്ങള്‍ക്കുമായി 35490425, 39279149 നമ്പറുകളില്‍ ബന്ധപ്പെടുക