മനാമ: ബഹ്റെെനിൽ പുതുതായി രൂപം കൊള്ളുന്ന പ്രോഗ്രസീവ് പ്രെഫഷണൽ ഫോറം സംഘാടക സമിതി യോഗം രാജ്യാന്തര പ്രശസ്തനായ ആർക്കിടെക്ട് ജി.ശങ്കർ ഉത്ഘാടനം ചെയ്തു. സഗയയിലെ കെ.സി.എ. ഹാളിൽ ചേർന്ന യോഗത്തിൽ അഡ്വ: ശ്രീജിത് കൃഷ്ണൻ സ്വാഗതം പറഞ്ഞു. എഞ്ചിനീയർ ഇ എ.സലീം അദ്ധ്യക്ഷത വഹിച്ചു. ആസ്റ്റർ ബഹ്രൈൻ എക്സിക്യൂട്ടീവ് ഡയരക്റ്ററും പ്രോഗ്രസീവ് പ്രെഫഷണൽ ഫോറം രക്ഷാധികാരിയുമായ ഷാനവാസ് ആശംസ നേർന്നു.
രാഷ്ട്രീയ സാംസ്കാരിക ശരികളെ അടിസ്ഥാനമാക്കിയും ഏറ്റവും ഉയർന്ന ജനാധിപത്യത്തിലൂടെ ചർച്ചകൾ നടത്തിയും കേരള വികസനത്തിനും ഒപ്പം രാജ്യ വികസനത്തിനും സംഭാവന ചെയ്യാൻ കഴിയുന്ന മതേതരവാദികളും ബഹ്റെെനിലെ വിവിധ കമ്പനികളിൽ വിവിധ തൊഴിലിൽ പ്രാഗത്ഭ്യം നേടിയവരുടെ കൂട്ടായ്മയായി പ്രോഗ്രസീവ് പ്രെഫഷണൽ ഫോറത്തിന് വളരാൻ കഴിയണം എന്ന് ജി.ശങ്കർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. അറിവിന്റെ വെളിച്ചത്തിൽ ഉയരുന്ന ഈ കൂട്ടായ്മക്ക് സാമ്പത്തിക ലാഭ ചിന്ത പാടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ജൂൺ ആദ്യവാരം മുൻ മന്ത്രിയും ആധുനിക കേരളത്തിന്റെ ആസൂത്രകരിൽ ഒരാളുമായ ഡോ.തോമസ് ഐസക് പങ്കെടുക്കുന്ന പി.പി.എഫിന്റെ പ്രവർത്തനോദ്ഘാടന സമ്മേളനം വിജയിപ്പിക്കാൻ സംഘടകസമിതി രൂപീകരിച്ചു. രക്ഷാധികാരികൾ ഷാനവാസ്, കെ ജി. ബാബുരാജ്, ചെയർമാൻ ഇ എ സലിം, ജനറൽ കൺവീനർ ശ്രീജിത് കൃഷ്ണൻ, സാമ്പത്തിക സമിതി കൺവീനർ റഫീക് അബ്ദുള്ള.