മനാമ: ബഹ്റൈൻ കേരളീയ സമാജം ഇന്ത്യൻ എംബസിയുടെയും ബഹ്റൈൻ കൾച്ചറൽ അതോറിറ്റിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ഇൻഡോ ബഹറൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവലിൽ യു എ ഇ ഭരണാധികാരിയുടെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ച പരിപാടികൾ ജൂൺ 10, 12 തീയതികളിൽ അരങ്ങേറും. ലോക പ്രശസ്ത സരോദ് വാദകരായ അംജദ് അലിഖാൻ്റെയും മക്കളായ അമാൻ അലി ബഗാഷിൻ്റയും അയാൻ അലി ബഗാഷിൻ്റെയും സരോദ് കച്ചേരി ജൂൺ പത്താം തിയ്യതി വെള്ളിയാഴ്ച വൈകീട്ട് 7.30 നും വീണ വിദ്വാൻ രാജേഷ് വൈദ്യയുടെ നേതൃത്വത്തിലുള്ള സംഗീത പരിപാടി ജൂൺ 12 ഞായറാഴ്ച വൈകുന്നേരം 8 മണിക്കും സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുമെന്ന് സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിനകം പാസ് ലഭിച്ചവർ കൃത്യ സമയത്ത് എത്തിച്ചേരണമെന്നും പാസുകൾ ആവശ്യമുള്ളവർ സമാജവുമായി ബന്ധപ്പെടണമെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.