മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ സുവർണ ജുബിലി ഫിനാലെ സംഘടിപ്പിച്ചു. ക്രൗൺ പ്ലാസയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ മുഖ്യാഥിതി ആയിരുന്നു.
ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവ, ബിഷപ് ഡോ. എബ്രഹാം മാർ ജൂലിയോസ്, പേരവൂർ എം.എൽ.എ സണ്ണി ജോസഫ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, നിയമ മണ്ഡലങ്ങളിൽ നിർണായക പങ്കുവഹിച്ച അലി ഹസൻ, വി.കെ. തോമസ്, പമ്പവാസൻ നായർ, മുഹമ്മദ് മൻസൂർ, അരുൾ ദാസ് തോമസ്, റാഫേൽ വിൽസൺ, അലക്സ് ബേബി, ജൂലിയറ്റ് തോമസ്, താരിഖ് നജീബ് എന്നിവർക്ക് കെ.സി.എ പ്രവാസി ഭാരതീയ ഗോൾഡൻ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.
അലി ഹസനുവേണ്ടി ഡോ. മുഹമ്മദ് മഷൂദ് പുരസ്കാരം ഏറ്റുവാങ്ങി.ഇവന്‍റ് സപ്പോർട്ടർ ഫ്രാൻസിസ് കൈതാരത്ത്, സുവനീർ എഡിറ്റർ ജോൺസൻ ദേവസി, ഡോ. പി.വി. ചെറിയാൻ എന്നിവർക്ക് മെമെേന്‍റാ നൽകി ആദരിച്ചു.
‘ഗോൾഡൻ ഗ്ലിംപ്സസ് ഓഫ് കെ.സി.എ’ എന്ന പേരിൽ കെ.സി.എയുടെ യുടെ 50 വർഷത്തെ ചരിത്രം ഉൾക്കൊള്ളുന്ന സുവനീർ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പ്രകാശനം ചെയ്തു.
പ്രസിഡന്‍റ് റോയ് സി. ആന്‍റണി അധ്യക്ഷനായ ചടങ്ങിൽ സുവർണ ജൂബിലി കമ്മിറ്റി ചെയർമാൻ എബ്രഹാം ജോൺ സ്വാഗതവും ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി നന്ദിയും പറഞ്ഞു.
കെ.സി.ഇ.സി പ്രസിഡന്‍റ് ഫാ. ദിലീപ് ഡേവിഡ്സൺ, ഫാ. ജോൺ തുണ്ടിയത്ത്, സാമൂഹിക, സാംസ്‌കാരിക, കായിക, വിദ്യാഭ്യാസ നിയമ മണ്ഡലങ്ങളിലെ പ്രമുഖർ, വിവിധ സംഘടന ഭാരവാഹികൾ, മത മേലധ്യക്ഷന്മാർ എന്നിവർ അതിഥികളായി പങ്കെടുത്തു.