കൊല്‍ക്കത്ത: പ്രശസ്ത ഗായകന്‍ കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചു. കൊല്‍ക്കത്തയിലെ ഒരു പരിപാടിക്ക് ശേഷമാണ് ഇദ്ദേഹത്തിന്‍റെ മരണം. കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം 53 കാരനായ കെ.കെ താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.
തെക്കൻ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയ അദ്ദേഹത്തെ ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം നാളെ നടക്കും, ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.
വിവിധ ഭാഷകളിലായി എഴുന്നൂറിലധികം ഗാനങ്ങള്‍ ആലപിച്ചു. മലയാളികളായ സി.എസ് മേനോനും കുന്നത്ത് കനകവല്ലിയുമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.